കേരളത്തിലടക്കം പല സംസ്ഥാനങ്ങളിലും ഗതാഗത നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പൊലീസും എംവിഡിയും പരിശോധനകള്‍ നടത്താറുണ്ടെങ്കിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ക്യാമറകള്‍ സ്ഥാപിച്ചത് കാരണം പലരും നിയമം പാലിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ഒരാള്‍ ഗതാഗത നിയമങ്ങള്‍ ലംഘിക്കുമ്പോള്‍ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ട് അയാളുടെ പേരില്‍ ഒരു ഇലക്ട്രോണിക് ചലാന്‍ പുറപ്പെടുവിക്കാറാണ് പതിവ്. എന്നിരുന്നാലും പലരും അത് അവഗണിക്കുകയും ചലാന്‍ അടയ്ക്കാതിരിക്കുകയും ചെയ്യുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതുവരെ അയച്ച ചലാനുകളുടെ 40% മാത്രമേ തിരിച്ചുപിടിച്ചിട്ടുള്ളൂ. പല സംസ്ഥാനങ്ങളിലും വലിയൊരു വിഭാഗം ആളുകള്‍ ഇത് അവഗണിക്കുകയാണെന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്.ഈ സാഹചര്യത്തില്‍ ഇ-ചലാനുകള്‍ അവഗണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ പോകുകയാണ് അധികൃതര്‍. ഇ-ചലാന്‍ അടയ്ക്കാത്തവരുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പുതിയ കരട് നിയമം ഇപ്പോള്‍ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. ഇ-ചലാന്‍ അവഗണിക്കുന്നവര്‍ ഇനി നേരിടാന്‍ പോകുന്ന നടപടികള്‍ എന്തൊക്കെ ആണെന്ന് ഈ ലേഖനത്തില്‍ വായിക്കാം.ചലാന്‍ ഇഷ്യൂ ചെയ്ത് മൂന്ന് മാസത്തിനുള്ളില്‍ ഇ-ചലാനിലെ പണം അടക്കുന്നത് നിര്‍ബന്ധമാണെന്നാണ് കരട് നിയമത്തില്‍ പറയുന്നത്. ഇ-ചലാന്‍ പുറപ്പെടുവിച്ച് മൂന്ന് മാസത്തിനുള്ളില്‍ ഒരാള്‍ പണം അടച്ചില്ലെങ്കില്‍ അയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതാണ്. സിഗ്‌നല്‍ തെറ്റിക്കുന്നതോ അല്ലെങ്കില്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുകയോ ചെയ്ത കുറ്റത്തിന് ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരാള്‍ക്ക് മൂന്നില്‍ കൂടുതല്‍ ചലാന്‍ ലഭിച്ചാല്‍ അയാളുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ കഴിയും.കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്നതിനാല്‍ ഇനി മുതല്‍ ആളുകള്‍ ഗതാഗത നിയമങ്ങള്‍ പാലിക്കുകയും ഇ-ചലാനുകള്‍ ഗൗരവത്തിലെടുത്ത് കൃത്യസമയത്ത് പിഴ അടയ്ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മാത്രമല്ല, ഇ-ചലാനുകളെ വാഹന ഇന്‍ഷുറന്‍സുമായി ബന്ധിപ്പിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.
ഒരു വാഹന ഉടമ മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ രണ്ടോ അതിലധികമോ ചലാനുകള്‍ തീര്‍പ്പാക്കാനുണ്ടെങ്കില്‍ അടുത്ത വര്‍ഷം അയാള്‍ക്ക് ഉയര്‍ന്ന ഇന്‍ഷുറന്‍സ് പ്രീമിയം അടയ്‌ക്കേണ്ടി വന്നേക്കാം.പല സംസ്ഥാനങ്ങളിലും ഇ-ചലാന്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് പിരിഞ്ഞ് കിട്ടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡല്‍ഹിയില്‍ ചലാനുകളുടെ 14 ശതമാനം മാത്രമേ തിരിച്ചുപിടിച്ചിട്ടുള്ളൂ. കര്‍ണാടകയില്‍ ഇത് 21 ശതമാനമാണ്. തമിഴ്നാട്ടിലും ഉത്തര്‍പ്രദേശിലും ഇത് 27 ശതമാനമാണെങ്കില്‍ രാജസ്ഥാന്‍, ബീഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളില്‍ ഈ നിരക്ക് 62-76% വരെയാണ്.ഇലക്ട്രോണിക് നിരീക്ഷണ സംവിധാനങ്ങളുടെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി അടുത്തിടെ 23 സംസ്ഥാനങ്ങളോടും 7 കേന്ദ്രഭരണ പ്രദേശങ്ങളോടും നിര്‍ദ്ദേശിച്ചിരുന്നു. മോട്ടോര്‍ വാഹന നിയമത്തിലെ (CMVA) സെക്ഷന്‍ 136A പ്രകാരം, ഗതാഗത നിയമങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനായി സിസിടിവി ക്യാമറകള്‍, സ്പീഡ് ഗണ്ണുകള്‍, ബോഡി-വോണ്‍ ക്യാമറകള്‍, ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് ഡിറ്റക്ഷന്‍ സിസ്റ്റങ്ങള്‍ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.കാര്യങ്ങള്‍ ഇങ്ങനെ ഒക്കെയാണെങ്കിലും പൊതുജനങ്ങള്‍ ഇ-ചലാനുകള്‍ അവഗണിക്കാന്‍ ചില കാരണങ്ങള്‍ ഉണ്ട്. വൈകിയുള്ള അറിയിപ്പുകളും തെറ്റായ ചലാനുകളും കാരണമാണ് ആളുകള്‍ ഇ-ചലാനുകള്‍ അവഗണിക്കുന്നതെന്നാണ് വിദഗ്ധ അഭിപ്രായം. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി ഒരു പുതിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്ഒപി) കൊണ്ടുവരാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ക്യാമറകള്‍ക്ക് ഏറ്റവും കുറഞ്ഞ സ്‌പെസിഫിക്കേഷനുകള്‍ നിശ്ചയിക്കുന്നതിനും ശരിയായ ചലാന്‍ വിവരങ്ങള്‍ വാഹന ഉടമകളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള നടപടികള്‍ ഇതില്‍ ഉള്‍പ്പെടും.