ന്യൂഡൽഹി: കുടുംബച്ചെലവുകളിൽ ഭാര്യയ്ക്കുമേൽ ഭർത്താവ് പുലർത്തുന്ന സാമ്പത്തിക ആധിപത്യമോ നിയന്ത്രണമോ ക്രിമിനൽ നിയമപ്രകാരം ‘ക്രൂരത’യായി കണക്കാക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി.ശാരീരികമോ മാനസികമോ ആയ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാത്ത പക്ഷം ഇത്തരം പ്രവണതകൾ വിവാഹമോചനത്തിനോ 498-എ വകുപ്പ് പ്രകാരമുള്ള ക്രിമിനൽ നടപടികൾക്കോ ആധാരമാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.ഭാര്യാഭർത്താക്കന്മാർക്കിടയിലുള്ള സാമ്പത്തിക തർക്കങ്ങൾ പലപ്പോഴും ഇന്ത്യൻ സമൂഹത്തിന്റെ ഒരു പ്രതിഫലനമാണെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന അധ്യക്ഷയായ ബെഞ്ച് നിരീക്ഷിച്ചു.ഭർത്താവ് തന്റെ വരുമാനം സ്വന്തം മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും അയക്കുന്നുവെന്നും, വീട്ടിലെ ഓരോ ചിലവിനും കണക്കുകൾ എക്സൽ ഷീറ്റിൽ രേഖപ്പെടുത്താൻ തന്നെ നിർബന്ധിക്കുന്നുവെന്നും ആരോപിച്ച് ഒരു യുവതി നൽകിയ പരാതി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.ഭർത്താവിന്റെ ഇത്തരം പെരുമാറ്റങ്ങൾ അദ്ദേഹത്തിന്റെ സ്വഭാവത്തിലെ പോരായ്മയായി കാണാമെങ്കിലും, അത് ക്രിമിനൽ കുറ്റമല്ലെന്ന് കോടതി പറഞ്ഞു. പ്രസവാനന്തരം ശരീരഭാരം കൂടിയതിനെ പരിഹസിക്കുന്നതും ഗർഭകാലത്ത് വേണ്ടത്ര പരിചരണം നൽകാത്തതും ദാമ്പത്യത്തിലെ സാധാരണമായ ഉരസലുകളുടെ ഭാഗമാണെന്നും കോടതി പറഞ്ഞു.ക്രിമിനൽ നിയമങ്ങൾ വ്യക്തിപരമായ പകപോക്കലിനുള്ള ആയുധമായി മാറരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി. മതിയായ തെളിവുകളില്ലാതെ 498-എ പോലുള്ള വകുപ്പുകൾ ചുമത്തുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്നും, ഇത്തരം കേസുകൾ കൈകാര്യം ചെയ്യുമ്പോൾ കോടതികൾ അങ്ങേയറ്റം ജാഗ്രത പാലിക്കണമെന്നും സുപ്രീംകോടതി വിധിന്യായത്തിൽ വ്യക്തമാക്കി
ഭാര്യക്കുമേൽ ഭർത്താവിനുള്ള സാമ്പത്തിക ആധിപത്യം ‘ക്രൂരത’യല്ല; സുപ്രീംകോടതി
