നിയമവശങ്ങൾ അറിയാം18 വയസ്സ് പൂർത്തിയാക്കിയ ഏതൊരു വ്യക്തിക്കും ഒരു വിൽപത്രം നടപ്പിലാക്കാൻ കഴിയും. എന്നാൽ കോടതി ഒരു രക്ഷാധികാരിയെ നിയോഗിച്ചിട്ടുണ്ടെങ്കിൽ, 21 വയസ്സ് തികഞ്ഞതിന് ശേഷം മാത്രമേ വിൽപ്പത്രം തന്റെ ഇഷ്ട പ്രകാരം തയ്യാറാക്കാൻ കഴിയൂ. ഒരാൾക്ക് ഇഷ്ടമുള്ളത്ര തവണ തന്റെ വിൽപ്പത്രത്തിൽ മാറ്റം വരുത്താനോ അസാധുവാക്കാനോ കഴിയും. ഏതെങ്കിലും തരത്തിലുള്ള സ്വത്ത് നിങ്ങൾ നേടിയാലുടൻ നിങ്ങൾക്ക് വിൽപ്പത്രം തയ്യാറാക്കാവുന്നതാണ്. ഒരു വിൽപത്രം തയ്യാറാക്കാൻ ഒരാൾ വിവാഹം കഴിക്കണമെന്ന് പോലും ഇല്ല. പ്രോപ്പർട്ടികൾ കൈകാര്യം ചെയ്യുന്നതിന് നിങ്ങൾക്ക് ഒന്നിൽ കൂടുതൽ വിൽപ്പത്രങ്ങൾ തയ്യാറാക്കാം. എന്നാൽ ഒരു വിൽപ്പത്രം തയ്യാറാക്കുന്നതാണ് കൂടുതൽ സൌകര്യപ്രദം. വിൽപത്രം ഇന്ത്യയിൽ തന്നെ തയ്യാറാക്കണമെന്നില്ല. ലോകത്തെവിടെ നിന്നും വിൽപ്പത്രം തയ്യാറാക്കാവുന്നതാണ്. വിൽപ്പത്രം ഒരു സ്റ്റാമ്പ് പേപ്പറിൽ തയ്യാറാക്കേണ്ട ആവശ്യമില്ല അല്ലെങ്കിൽ സ്റ്റാമ്പ് ഡ്യൂട്ടി ഇതിന് നൽകേണ്ടതില്ല. ഒരു പ്ലെയിൻ പേപ്പറിൽ ഒരു വിൽപത്രം തയ്യാറാക്കാൻ കഴിയും. മാത്രമല്ല സാധാരണ നിയമ പദപ്രയോഗങ്ങൾ ഉപയോഗിക്കാതെ ലളിതമായ ഭാഷയിൽ തയ്യാറാക്കാവുന്നതാണ്. നിങ്ങളുടെ ഉദ്ദേശ്യം അത് വായിക്കുന്നതിൽ നിന്ന് വ്യക്തമായി പ്രകടമാകണം എന്നതാണ് ആവശ്യം. വിൽപത്രം സ്വന്തം കൈയ്യക്ഷരത്തിലോ അച്ചടിച്ചോ തയ്യാറാക്കാം. വിൽപ്പത്രം തയ്യാറാക്കിയ അതേ ഭാഷയിൽ അല്ല നിങ്ങൾ ഒപ്പിടുന്നതെങ്കിൽ വിൽപത്രത്തിന്റെ ഉള്ളടക്കങ്ങൾ ആരെങ്കിലും നിങ്ങൾക്ക് വിശദീകരിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ ഉള്ളടക്കങ്ങൾ വിശദീകരിക്കുന്ന വ്യക്തിയും വിൽപ്പത്രത്തിൽ ഒപ്പിടണം. ഏത് ഭാഷയിലും വിൽപ്പത്രം തയ്യാറാക്കാൻ കഴിയും. ഒരു വ്യക്തിക്ക് തന്റെ സ്വത്ത് ഒരു വിൽപത്രത്തിലൂടെ ചാരിറ്റികൾ ഉൾപ്പെടെ ആർക്കും നൽകാവുന്നതാണ്. വിൽപ്പത്രത്തിൽ കുറഞ്ഞത് രണ്ട് വ്യക്തികളെയെങ്കിലും സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. അവരിൽ ഒരാൾ നിങ്ങളുടെ കുടുംബ ഡോക്ടറായിരിക്കുന്നതാണ് നല്ലത്. വിൽപ്പത്രം തയ്യാറാക്കിയ വ്യക്തിയുടെ മാനസിക നിലയെക്കുറിച്ച് ഭാവിയിൽ എന്തെങ്കിലും തർക്കം ഉണ്ടായാൽ ഡോക്ടറുടെ സാക്ഷ്യപ്പെടുത്തൽ സഹായിക്കും. എന്നാൽ വിൽപ്പത്രത്തിന്റെ ഉള്ളടക്കം സാക്ഷികൾ അറിയേണ്ടതില്ല. വിൽപത്രത്തിൽ എക്സിക്യൂട്ടറായി പേരുള്ള ഒരു വ്യക്തിക്ക് വിൽപത്രത്തിന് സാക്ഷിയാകാം. ഇന്ത്യൻ രജിസ്ട്രേഷൻ നിയമത്തിന് കീഴിൽ വിൽപ്പത്രം നിർബന്ധിതമായി രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ലെങ്കിലും, വിൽപത്രത്തിന്റെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഒഴിവാക്കാൻ രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്യുന്നത് നല്ലതാണ്.
വിൽപ്പത്രം തയ്യാറാക്കുന്നത് എങ്ങനെ…?
