ഹൈക്കോടതി ജഡ്ജിമാര്‍ സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് തുല്യം: സുപ്രീം കോടതി

Oplus_16908288

ഹൈക്കോടതി ജഡ്ജിമാരും സുപ്രീം കോടതി ജഡ്ജിമാരും പദവിയിലും ഭരണഘടനാപരമായ അധികാരങ്ങളിലും തുല്യരാണെന്ന് സുപ്രീം കോടതി.സുപ്രീം കോടതിക്ക് ഹൈക്കോടതികളുടെ വിധികള്‍ പുനഃപരിശോധിക്കാൻ കഴിയുമെങ്കിലും, അവയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാൻ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രൻ, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക നിരീക്ഷണം നടത്തിയത്. തെലങ്കാന ഹൈക്കോടതി ജഡ്ജിക്കെതിരെ ചില അഭിഭാഷകർ നടത്തിയ അപകീർത്തിപരമായ പരാമർശങ്ങള്‍ പരിഗണിക്കുകയായിരുന്നു കോടതി. ഈ വിഷയത്തില്‍, ആരോപണങ്ങള്‍ ഉന്നയിച്ച അഭിഭാഷകർ ജഡ്ജിയോട് നിരുപാധികം മാപ്പ് പറയണമെന്നും കോടതി നിർദ്ദേശിച്ചു.”ഹൈക്കോടതി ജഡ്ജിമാരും ഭരണഘടനാ പദവിയിലുള്ളവരാണ്. സുപ്രീം കോടതി ജഡ്ജിമാർക്കുള്ള അതേ അധികാരാവകാശങ്ങളും അവർക്കുണ്ട്. ഭരണഘടനാപരമായ അധികാരങ്ങളുടെ കാര്യത്തില്‍ സുപ്രീം കോടതി ജഡ്ജിമാരേക്കാള്‍ ഒട്ടും താഴെയല്ല ഹൈക്കോടതി ജഡ്ജിമാർ,” ബെഞ്ച് നിരീക്ഷിച്ചു.അതേസമയം, കഴിഞ്ഞ ആഴ്ച അലഹബാദ് ഹൈക്കോടതിയിലെ ഒരു ജഡ്ജിയെ ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്ന് വിലക്കിയ സുപ്രീം കോടതിയുടെ നടപടി വിവാദമായിരുന്നു. പിന്നീട് ചീഫ് ജസ്റ്റിസിന്റെ ഇടപെടലിനെ തുടർന്ന് ഈ ഉത്തരവ് പിൻവലിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തില്‍, ഹൈക്കോടതികളുടെ അന്തസ്സും അധികാരവും സംരക്ഷിക്കേണ്ടത് സുപ്രീം കോടതിയുടെ ഉത്തരവാദിത്തമാണെന്ന ഈ പുതിയ നിരീക്ഷണം ഏറെ പ്രാധാന്യമർഹിക്കുന്നു. ഹൈക്കോടതി ജഡ്ജിമാർക്കെതിരെ ഇത്തരം അപകീർത്തിപരമായ ആരോപണങ്ങള്‍ ഉണ്ടാകുമ്ബോള്‍, അവരെ സംരക്ഷിക്കേണ്ടത് സുപ്രീം കോടതിയുടെ കടമയാണെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *