കൊച്ചി: പത്താം ക്ലാസ് പരീക്ഷയ്ക്ക് ഉയർന്ന മാർക്ക് വാങ്ങിയ മകന് പ്ലസ് വൺ പ്രവേശനം നേടുന്നതിന് പിതാവിന് ഏഴ് ദിവസത്തെ പരോൾ അനുവദിച്ച് ഹൈക്കോടതി. തവനൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കഴിയുന്ന പാലക്കാട് സ്വദേശിക്കാണ് പരോൾ കോടതി അനുവദിച്ചത്. കുട്ടിയുടെ മാർക്ക് ലിസ്റ്റ് പരിശോധിച്ച ശേഷമാണ് കോടതി ഇയാൾക്ക് പരോൾ നിർദേശിച്ചത്.
പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടി തന്റെ തുടർപഠനത്തിന് പ്രവേശനം നേടാൻ അച്ഛന്റെ സാന്നിധ്യം വേണമെന്ന് ആഗ്രഹിക്കുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കുട്ടിക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കണമെന്നത് പിതാവിന്റെയും ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. പിതാവിനെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്.