സ്വന്തം പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് മകള്‍ നല്‍കിയ പരാതി വ്യാജമാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് 48-കാരന് വിധിച്ച അഞ്ചുവർഷത്തെ തടവുശിക്ഷ മദ്രാസ് ഹൈക്കോടതി റദ്ദാക്കി.അമ്മയുടെ പ്രേരണയാലാണ് താൻ അച്ഛനെതിരെ മൊഴി നല്‍കിയതെന്ന് 13-കാരിയായ മകള്‍ കോടതിയില്‍ തുറന്നുപറഞ്ഞതോടെയാണ് സത്യം പുറത്തുവന്നത്. കുടുംബപ്രശ്നങ്ങളുടെ പേരില്‍ ഭർത്താവിനോട് പ്രതികാരം ചെയ്യാൻ സ്വന്തം മകളെ കരുവാക്കിയ അമ്മയുടെ നടപടിയെ കോടതി രൂക്ഷമായി വിമർശിച്ചു.പുതുച്ചേരി സ്വദേശിയായ ഇയാള്‍ക്കെതിരെ 2023-ലാണ് പ്രാദേശിക കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍, ഭാര്യയുമായി വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തതിലുള്ള വൈരാഗ്യം തീർക്കാൻ കെട്ടിച്ചമച്ച പരാതിയാണിതെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടു. ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ താൻ നിരപരാധിയാണെന്ന് കാട്ടി ഇയാള്‍ സമർപ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ഇരുഭാഗത്തിന്റെയും വാദങ്ങള്‍ വിശദമായി കേട്ട ശേഷമാണ് നിരപരാധിയായ പിതാവിനെ വിട്ടയക്കാൻ കോടതി നിർദ്ദേശിച്ചത്.
മകളെക്കൊണ്ട് കള്ളം പറയിച്ച് അച്ഛനെ കുടുക്കി; 48-കാരന്റെ ശിക്ഷ റദ്ദാക്കി മദ്രാസ് ഹൈക്കോടതി
