തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആൻ്റണി രാജുവിന് വീണ്ടും തിരിച്ചടി; കടുത്ത വകുപ്പുകള്‍ ചുമത്തിയേക്കും; വിചാരണ സ്റ്റേചെയ്ത് ഹൈക്കോടതി

മുൻമന്ത്രി ആൻ്റണി രാജു രണ്ടാംപ്രതിയായ തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ കൂടുതല്‍ കടുത്ത വകുപ്പുകള്‍ ചുമത്തണമെന്ന ഹർജി ഫയലില്‍ സ്വീകരിച്ച്‌ ഹൈക്കോടതി.ഇതില്‍ തീരുമാനം ഉണ്ടാകുന്നത് വരെ വിചാരണാ കോടതി നടപടികള്‍ തടയുകയും ചെയ്തു. അടുത്തമാസം 20നുള്ളില്‍ വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടല്‍.ഏഴുവർഷം വരെ തടവുശിക്ഷ കിട്ടാവുന്ന വഞ്ചന അടക്കമുള്ള വകുപ്പുകളാണ് നിലവില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. എന്നാല്‍ സർക്കാർ ജീവനക്കാരുടെ വഞ്ചനക്ക് ചുമത്തേണ്ടത് ഐപിസി 409 എന്ന വകുപ്പാണെന്ന് ചൂണ്ടിക്കാണിച്ചാണ് പുതിയ ഹർജി. മാധ്യമ പ്രവർത്തകനായ അനില്‍ ഇമ്മാനുവലാണ് അഡ്വ.അജിത് ജി. അഞ്ചർലേക്കർ മുഖേന ഹൈക്കോടതിയെ സമീപിച്ചത്. ആവശ്യം അനുവദിച്ചാല്‍ ജീവപര്യന്തം തടവുശിക്ഷ കിട്ടാവുന്ന കേസാകും ഇത്.തൊണ്ടിമുതല്‍ സൂക്ഷിക്കാൻ ചുമതലയുണ്ടായിരുന്ന കോടതി ജീവനക്കാരൻ കെ എസ് ജോസ് ഒന്നാം പ്രതിയും, അഭിഭാഷകനായിരിക്കെ ലഹരികടത്ത് കേസിലെ തൊണ്ടിമുതലായിരുന്ന അടിവസ്ത്രം ഒന്നാം പ്രതിയെ സ്വാധീനിച്ച്‌ കൈക്കലാക്കിയ ആൻ്റണി രാജു രണ്ടാം പ്രതിയുമാണ്. ഒന്നാം പ്രതിക്കെതിരെ പുതിയ വഞ്ചനാക്കുറ്റം കൂടി വന്നാല്‍ അത് ആൻ്റണി രാജുവിനും ബാധകമാകും.1989ല്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച ലഹരിയുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ അറസ്റ്റിലായ ഓസ്ട്രേലിയക്കാരൻ ആൻഡ്രൂ സാല്‍വദോറിനെ രക്ഷിക്കാൻ കേസിലെ തൊണ്ടിയായ അടിവസത്രം വെട്ടിത്തയ്ച്ചു ചെറുചതാക്കിയ കേസിലാണ് ആൻ്റണി രാജു വിചാരണ നേരിടുന്നത്. വിചാരണ കോടതി ശിക്ഷിച്ചെങ്കിലും തൊട്ടുപിന്നാലെ അപ്പീലുമായി ഹൈക്കോടതിയില്‍ എത്തിയ പ്രതി കുറ്റവിമുക്തനായി, പിറ്റേന്ന് രാജ്യംവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *