വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്യുന്ന സാഹചര്യത്തില്‍, ബന്ധപ്പെട്ട എംബസിയെയോ ഫോറിൻ റീജനല്‍ രജിസ്ട്രേഷൻ ഓഫിസറെയോ വിവരം അറിയിക്കുന്നത്, പ്രതിയുടെ ബന്ധുക്കളെ അറിയിച്ചതിന് സമാനമായി കണക്കാക്കാമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി.ബിഎൻഎസ് വ്യവസ്ഥകള്‍ പ്രകാരം ഈ നടപടിക്രമം പാലിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.ലഹരി കേസില്‍ അഞ്ചാം പ്രതിയായ ടാൻസാനിയൻ പൗരൻ അബ്ദുല്‍ ഹമിദ് മകാമെയ്ക്ക് ജാമ്യം അനുവദിച്ച ഉത്തരവിലാണ് ഈ നിരീക്ഷണം ഉണ്ടായത്. 2024 ഓഗസ്റ്റ് 9ന് എരുമപ്പെട്ടിയില്‍ നിന്ന് കുന്നംകുളത്തേക്കു സഞ്ചരിച്ച വാഹനത്തില്‍ നിന്നാണ് ലഹരി വസ്തു പിടികൂടിയതെന്ന് കേസില്‍ പറയുന്നു. ഇന്ത്യയില്‍ പഠനത്തിനായി എത്തിയ ഹർജിക്കാരൻ ഒന്നും രണ്ടും പ്രതികള്‍ക്ക് ലഹരിമരുന്ന് എത്തിച്ചുവെന്നതാണ് പ്രോസിക്യൂഷൻ വാദം. എന്നാല്‍ ഒന്നാം പ്രതിയുടെ അക്കൗണ്ടില്‍ നിന്ന് 15,000 രൂപ ഹർജിക്കാരന്റെ അക്കൗണ്ടിലേക്ക് എത്തിയതൊഴികെ മറ്റ് വ്യക്തമായ തെളിവുകള്‍ ഇല്ലെന്ന് കോടതി വിലയിരുത്തി. ഇതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചത്. കൂടാതെ, ജാമ്യവ്യവസ്ഥകള്‍ക്കൊപ്പം ഫോറിൻ റീജ്യണല്‍ രജിസ്ട്രേഷൻ ഓഫിസറുടെ നിർദേശങ്ങള്‍ക്കും വിധേയമായിരിക്കണമെന്ന് കോടതി നിർദേശിച്ചു.
വിദേശികളുടെ അറസ്റ്റ്: ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം; എംബസിയെ വിവരം അറിയിക്കുന്നത് ബന്ധുക്കളെ അറിയിക്കുന്നതിന് തുല്യം
