വിദ്യാർത്ഥിയെ അടിച്ചെന്ന അധ്യാപകനെതിരായ കേസ് റദ്ദാക്കി കോടതി

സ്‌കൂളില്‍ അച്ചടക്കം ഉറപ്പാക്കാനും വിദ്യാര്‍ഥികളെ തിരുത്താനും അധ്യാപകന് അധികാരമുണ്ടെന്ന് ഹൈക്കോടതി.സ്‌കൂളില്‍ തല്ലുകൂടിയ വിദ്യാര്‍ഥികളെ അടിച്ചതിന് അധ്യാപകനെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. വിദ്യാര്‍ഥിയെ നല്ല വഴിക്ക് നടത്താനോ തിരുത്താനോ ഉള്ള നല്ല ഉദ്ദേശ്യത്തോടെയാണ് പ്രവര്‍ത്തിച്ചതെങ്കില്‍ അധ്യാപകന്‍ തന്റെ അധികാര പരിധിക്കുള്ളിലാണ് ഉള്ളതെന്ന് ജസ്റ്റിസ് സി പ്രദീപ് കുമാര്‍ ചൂണ്ടിക്കാട്ടി.”സ്‌കൂള്‍ അധ്യാപകന്, അദ്ദേഹത്തിന്റെ പ്രത്യേക സ്ഥാനം കണക്കിലെടുത്ത്, അച്ചടക്കം നടപ്പാക്കാനും വിദ്യാര്‍ഥിയെ തിരുത്താനും അധികാരമുണ്ടെന്ന് വ്യക്തമാണ്. രക്ഷിതാവ് കുട്ടിയെ അധ്യാപകന് കൈമാറുമ്ബോള്‍ അധികാരം പ്രയോഗിക്കാനുള്ള സമ്മതവും കൂടിയാണ് നല്‍കുന്നത്. വിദ്യാര്‍ഥി ശരിയായി പെരുമാറാതിരിക്കുകയോ സ്‌കൂളിന്റെ നിയമങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്യുമ്ബോള്‍ അവന്റെ സ്വഭാവവും പെരുമാറ്റവും മെച്ചപ്പെടുത്തുന്നതിന് അധ്യാപകന്‍ ശാരീരിക ശിക്ഷ നല്‍കിയാല്‍, അധ്യാപകന്റെ പ്രസ്തുത പ്രവൃത്തി സത്യസന്ധമാണോ അല്ലയോ എന്ന് കോടതി ഉറപ്പാക്കേണ്ടതുണ്ട്. വിദ്യാര്‍ഥിയെ മെച്ചപ്പെടുത്താനോ തിരുത്താനോ വേണ്ടി മാത്രം നല്ല ഉദ്ദേശ്യത്തോടെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയാല്‍, അദ്ദേഹം തന്റെ പരിധിക്കുള്ളിലാണ്.”-കോടതി വിശദീകരിച്ചു.അപകടകരമായ ആയുധങ്ങള്‍ ഉപയോഗിച്ച്‌ കുട്ടിയെ മര്‍ദ്ദിച്ചു എന്ന വകുപ്പാണ് പോലിസ് അധ്യാപകനെതിരേ ചുമത്തിയിരുന്നത്. കൂടാതെ ബാലനീതി നിയമത്തിലെ വിവിധ വകുപ്പുകളും ചേര്‍ത്തു. വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇടപെട്ട അധ്യാപകന്‍ കുട്ടികളുടെ കാലില്‍ മാത്രമാണ് അടിച്ചതെന്നാണ് പോലിസിന്റെ തന്നെ റിപോര്‍ട്ട് പറയുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടാതെ പരാതി നല്‍കാന്‍ നാലു ദിവസം വൈകുകയും ചെയ്തു. കുട്ടിയെ ഒരു ഡോക്ടറും പരിശോധിച്ചിട്ടുമില്ല. അതിനാല്‍ തന്നെ കുട്ടിക്ക് ശാരീരികമായി പരിക്കേറ്റെന്ന് തെളിയിക്കാനാവില്ല. തല്ലിയിട്ടുണ്ടെങ്കില്‍ പോലും അത് ചെറിയ തോതിലായിരിക്കും. ആ നടപടി വിദ്യാര്‍ഥികളെ തിരുത്താനുള്ള ശ്രമമാണെന്നും അവര്‍ക്ക് എന്തെങ്കിലും ദോഷം വരുത്താന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും കോടതി വിലയിരുത്തി. തുടര്‍ന്നാണ് അധ്യാപകനെതിരായ കേസ് റദ്ദാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *