ശബരിമല ശ്രീകോവിലിന് ഇരുവശത്തുമുള്ള ദ്വാരപാലക ശില്പങ്ങളിലെ, അറ്റകുറ്റപ്പണിക്കായി അയച്ച സ്വർണപ്പാളികള്‍ ഉടൻ തിരികെയെത്തിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.ശബരിമല സ്പെഷ്യല്‍ കമ്മിഷണറെയും ഹൈക്കോടതിയെയും അറിയിക്കാതെ സ്വർണപ്പാളികള്‍ അഴിച്ചെടുത്ത് ചെന്നൈയില്‍ കൊണ്ടുപോയതില്‍ നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കില്‍ അറിയിക്കാനും നിർദേശിച്ചു. ദേവസ്വം കമ്മിഷണർ, എക്സിക്യുട്ടീവ് ഓഫീസർ, തിരുവാഭരണം കമ്മിഷണർ തുടങ്ങിയവരോടാണ് നിർദേശം.അറ്റകുറ്റപ്പണിക്കായി അനുമതിയില്ലാതെ കൊണ്ടുപോകാൻ തീരുമാനിച്ചതിന്റെ ഫയലുകളെല്ലാം വെള്ളിയാഴ്ച ഹാജരാക്കണമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് നിർദേശിച്ചു.അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് ചൂണ്ടിക്കാട്ടി ശബരിമല സ്പെഷ്യല്‍ കമ്മിഷണർ ഫയല്‍ചെയ്ത റിപ്പോർട്ടിനെത്തുടർന്നാണ് കോടതി സ്വമേധയാ ഇടപെട്ടത്. ഇത്തരം പ്രവർത്തനങ്ങള്‍ക്ക് ഹൈക്കോടതിയുടെ അനുമതി തേടണമെന്നുമുള്ള നിർദേശം പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.
ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ അനുമതിയില്ലാതെ അഴിച്ച് ചെന്നൈയിലെത്തിച്ചു; ഉടൻ തിരിച്ചെത്തിക്കണമെന്ന് കോടതി
