ലൈംഗിക അതിക്രമ കേസിൽ കോടതി പുറപ്പെടുവിച്ച ഉത്തരവ് പരാതിക്കാരിയായ യുവതിക്ക് നല്കാൻ വീഴ്ച വരുത്തിയ പോലീസുകാരനോട് ആയിരം മരം നടാൻ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി.സ്ടന നഗരത്തിലെ കോട്ട്വാലി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ രവീന്ദ്ര ദ്വിവേദിയോടാണ് ഹൈക്കോടതി മരം നടാൻ ആവശ്യപ്പെട്ടത്. മാവ്, പേരയ്ക്ക അടക്കമുള്ള ആയിരം ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാനാണ് നിർദേശം. കോടതി നല്‍കിയ നോട്ടീസ് സമയത്തിന് നല്കാതിരുന്നതിനും തെറ്റ് ഇനി ആവർത്തിക്കാതിരിക്കാനുമാണ് കോടതി ഇത്തരത്തില്‍ ഒരു നിർദേശം നല്‍കിയത്. ഹൈക്കോടതി ജസ്റ്റിസുമാരായ വിവേക് അഗർവാള്‍, അരവിന്ദ്ര കുമാർ സിങ് എന്നിവരാണ് രവീന്ദ്ര ദ്വിവേദിയോട് മരം നടാൻ നിർദേശിച്ചത്. നോട്ടീസ് കൈമാറാൻ വൈകിയതില്‍ രവീന്ദ്ര കോടതിയില്‍ മാപ്പ് പറഞ്ഞിരുന്നു.
രവീന്ദ്ര ദ്വിവേദി അതിജീവിതയ്ക്ക് 5000 നല്‍കണമെന്നും ഇൻസ്‌പെക്ടർ ജനറല്‍ നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജൂലൈ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള രണ്ട് മാസക്കാലയളവില്‍ ആയിരം മരം നട്ടുപിടിപ്പിക്കാൻ കോടതി നിർദേശിച്ചത്. ഇൻസ്പെകടർ ജനറല്‍ നിർദ്ദേശിച്ച പണം നല്‍കാമെന്നും ദ്വിവേദി സമ്മതിച്ചിരുന്നു. കൂടാതെ, തൈകള്‍ വാങ്ങാനുള്ളതും മറ്റുമുള്ള ചെലവുകളെല്ലാം രവീന്ദ്ര തന്നെ വഹിക്കണം. മരം നട്ടാല്‍ മാത്രം പോരാ, എല്ലാ മരങ്ങളുടെയും ചിത്രമെടുത്ത് കംപ്ലയ്ൻസ് റിപ്പോർട്ടില്‍ ഉള്‍പ്പെടുത്തണം. എസ്പി അശുതോഷ് ഗുപ്തയോട് കൃത്യമായി ഇത് നിരീക്ഷിക്കാനും കോടതി നിർദേശം നല്‍കി.