കൊച്ചി :വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന കേസില്‍ നിർണായക നിരീക്ഷണവുമായി ഹൈക്കോടതി.യുവതി മറ്റൊരു വിവാഹം കഴിച്ചതിനാല്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന വാദം തന്നെ അപ്രസക്തമാണെന്ന് കോടതി വിലയിരുത്തല്‍. വിവാഹിതയായ ഒരാള്‍ക്ക് വിവാഹ വാഗ്ദാനത്തിന്റെ പേരില്‍ മറ്റൊരാളുമായി ബന്ധമുണ്ടാക്കുന്നതിന് തന്നെ നിയമപരമായി അടിസ്ഥാനമില്ലെന്നും കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച പാലക്കാട് സ്വദേശിയുടെ കേസിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.ഒരുമിച്ച് ജോലിചെയ്യുന്ന യുവതിയും യുവാവും തമ്മില്‍ അടുപ്പത്തിലായ ശേഷം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ദൃശ്യങ്ങള്‍ പുറത്തുവിടും എന്ന് ഭീഷണിപ്പെടുത്തി രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു എന്നുമാണ് കേസ്. കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ് വാദം കോടതി തള്ളി. മൂന്നാഴ്ചയോളം റിമാൻഡില്‍ ആയ സാഹചര്യത്തില്‍ ജാമ്യം നല്‍കേണ്ടതാണെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. കർശന ഉപാധികളോടെ യുവാവിന് കോടതി ജാമ്യം അനുവദിച്ചു. പരാതിക്കാരന് വേണ്ടി അഡ്വ. അമീൻ ഹസ്സൻ ഹാജരായി.
വിവാഹിതയായ യുവതിയെ മറ്റൊരു യുവാവ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസ്: പ്രതിക്ക് ജാമ്യം, കേസ് നിലനിൽക്കില്ല
