മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിതള്ളുന്നതില്‍ അടുത്ത മാസം 10 നകം തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി കേന്ദ്ര സർക്കാരിന് അന്ത്യശാസനം നല്‍കി.വായ്പ എഴുതിതള്ളുന്നതില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ മുന്നറിയിപ്പ്.വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഡിവിഷൻ ബഞ്ച്. ദുരന്തബാധിതരുടെ ബാങ്കു വായ്പകള്‍ എഴുതിതള്ളുന്നതില്‍ തീരുമാനം എന്തായി എന്നായിരുന്നു ഹർജി പരിഗണിച്ചയുടൻ കേന്ദ്ര സർക്കാരിനോട് കോടതിയുടെ ചോദ്യം. തീരുമാനമെടുത്തിട്ടില്ലന്നും നാലാഴ്ച കൂടി സമയം വേണമെന്നും കേന്ദ്ര സർക്കാരിൻ്റെ മറുപടി. ഇതോടെയാണ് ഡിവിഷൻ ബഞ്ച് അന്ത്യശാസനം നല്‍കിയത്. സെപ്തംബർ 10 നകം തീരുമാനമെടുത്ത് കേന്ദ്ര സർക്കാർ കോടതിയെ അറിയിക്കണം. അവസാനമായി ഒരവസരം കൂടി നല്‍കുന്നതായി ജസ്റ്റിസ് ജയശങ്കരൻ നമ്ബ്യാർ പറഞ്ഞു. സെപ്തംബർ 10 ന് കേസ് വീണ്ടും പരിഗണിക്കും.മുൻപ് പലതവണ നിർദ്ദേശിച്ചുവെങ്കിലും ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി കേന്ദ്ര സർക്കാർ കോടതിക്ക് നല്‍കിയിരുന്നില്ല. മാത്രമല്ല ദുരന്തബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതി തള്ളുന്നതിന് നിയമം അനുവദിക്കുന്നില്ല എന്നായിരുന്നു കേന്ദ്ര വാദം. ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥ പ്രകാരം വായ്പകള്‍ എഴുതിതള്ളും എന്ന് കോടതി ചൂണ്ടിക്കാട്ടിയെങ്കിലും കേന്ദ്രം വഴങ്ങിയിരുന്നില്ല. ദുരന്ത നിവാരണ നിയമത്തിലെ പ്രസ്തുത വകുപ്പ് ഭേദഗതി ചെയ്തു കൊണ്ടായിരുന്നു വായ്പ എഴുതിതള്ളുന്നതിനുള്ള സാധ്യത കേന്ദ്രം അടച്ചത്. ഇതിനെതിരെ സംസ്ഥാന സർക്കാർ കർശന നിലപാട് സ്വീകരിച്ചതോടെ കോടതിയും ദുരന്തബാധിതർക്കൊപ്പം നിന്നു. സെപ്തം 10 ന് കേന്ദ്ര സർക്കാർ കോടതിയില്‍ സ്വീകരിക്കുന്ന നിലപാട് ഇനി നിർണ്ണായകമാകും.
വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളലില്‍ അവസാന അവസരം നല്‍കി ഹൈക്കോടതി
