കൊച്ചി :പോലീസും അഭിഭാഷകരും തമ്മിലുള്ള ഇടപെടലുകളും തർക്കങ്ങളും പരിഹരിക്കാൻ കേരള ഹൈക്കോടതി പുതിയ നടപടി സ്വീകരിച്ചു.’കോടതി പരിസരം’ എന്നത് എന്താണെന്നതിനെക്കുറിച്ച് വ്യക്തമായ നിർവചനമില്ലാത്തതും, പ്രത്യേകിച്ചും മള്‍ട്ടി-യൂസ് കെട്ടിടങ്ങളില്‍ (കോടതികളും വാണിജ്യ സ്ഥാപനങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്ന കെട്ടിടങ്ങള്‍) ഉണ്ടാകുന്ന നിയമപരമായ അവ്യക്തതകളും പരിഹരിക്കാനാണ് ഹൈക്കോടതി ഈ നടപടി സ്വീകരിച്ചത്.പോലീസ്-അഭിഭാഷക ഇടപെടലുകളുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന പരാതികളും ഏറ്റുമുട്ടലുകളും പരിഗണിച്ചാണ് ഹൈക്കോടതി സ്വമേധയാ ഒരു റിട്ട് ഹർജി രജിസ്റ്റർ ചെയ്തത്. കോടതികള്‍ വാണിജ്യ യൂണിറ്റുകള്‍ക്കൊപ്പം പ്രവർത്തിക്കുന്ന കെട്ടിടങ്ങളില്‍ ‘കോടതി പരിസരം’ എന്നതിന്റെ അതിരുകള്‍ വ്യക്തമല്ലാത്തത് പല തർക്കങ്ങള്‍ക്കും കാരണമാകുന്നുവെന്ന് കോടതി നിരീക്ഷിച്ചു.ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ, ബാർ കൗണ്‍സില്‍ ഓഫ് കേരള, സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസ്, ഹൈക്കോടതിയുടെ രജിസ്ട്രി, മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങള്‍ എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക സമിതി രൂപീകരിക്കാൻ കോടതി നിർദ്ദേശം നല്കി.
പോലീസ്-അഭിഭാഷക തര്‍ക്കങ്ങള്‍: ‘കോടതി പരിസരം’ നിര്‍വചിക്കാൻ ഹൈക്കോടതി സമിതി രൂപീകരിച്ചു
