ഹൈദരാബാദ്: ഭിന്നലിംഗ വിവാഹത്തിലുള്ള ഒരു ട്രാൻസ്ജെൻഡർ സ്ത്രീക്ക് ഗാർഹിക പീഡന പരാതി നൽകാൻ അവകാശമുണ്ടെന്ന് ആന്ധ്ര ഹൈക്കോടതി. അത്തരം സംരക്ഷണം ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ബാധകമല്ലെന്ന വാദങ്ങൾ കോടതി തള്ളിക്കളഞ്ഞു. 2019ൽ ട്രാൻസ് വനിതയായ പൊകല സബാന ഭർത്താവിനും കുടുംബത്തിനുമെതിരെ ഫയൽ ചെയ്ത ഹർജിയിലാണ് ജൂൺ 16-ന് ജസ്റ്റിസ് വെങ്കട ജ്യോതിർമയി പ്രതാപയുടെ വിധി.
ട്രാൻസ് സ്ത്രീക്ക് പരാതി നൽകാനുള്ള അവകാശം ശരിവച്ച കോടതി, കുറ്റാരോപിതനായ ഭർത്താവിനും കുടുംബത്തിനുമെതിരെ വ്യക്തമായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഭർത്താവിനും കുടുംബത്തിനുമെതിരായ ക്രിമിനൽ നടപടികൾ ഒടുവിൽ റദ്ദാക്കി.”ട്രാൻസ് സ്ത്രീക്ക്, ഭിന്നലിംഗ വിവാഹത്തിലാണെങ്കിൽ, ഐപിസി സെക്ഷൻ 498-എ പ്രകാരം സംരക്ഷണം ഉണ്ടായിരിക്കുമെന്ന് ഈ കോടതി വ്യക്തമാക്കുന്നു,” ജഡ്‌ജി പ്രസ്താവിച്ചു.