ആഭിചാരവും അനാചാരവും തടയുന്നതിനുള്ള ബില്‍ പരിഗണനയില്‍; ഹൈക്കോടതിയില്‍ നിലപാട് മാറ്റി സര്‍ക്കാര്‍

കൊച്ചി: ആഭിചാരവും അനാചരവും തടയുന്നതിനുള്ള ബില്‍ പരിഗണനയിലുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നേരത്തെ ഈ കേസ് പരിഗണിക്കവെ ഇത്തരത്തിലുള്ള ഒരു ബില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. സാങ്കേതികമായ ചില പ്രശ്‌നങ്ങള്‍ കാരണമാണ് കാലതാമസം വരുന്നതെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. എന്ത് ഇതിനുള്ള തടസ്സങ്ങളെന്ന് വിശദീകരിച്ചുള്ള അധിക സത്യവാങ്മൂലം നല്‍കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.കേരള യുക്തിവാദിസംഘം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കേരളസര്‍ക്കാരിനുവേണ്ടി ആഭ്യന്തര ജോ.സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തില്‍ ഈ നിയമവുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തിരുന്നുവെന്ന പ്രസ്താവമുള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് വ്യാപക വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.ഇന്ത്യയില്‍ അന്ധവിശ്വാസ ചൂഷണത്തിനെതിരേയുള്ള കേന്ദ്രനിയമം ഇല്ലാതിരിക്കേ ഈ വിഷയത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തമായ നിയമങ്ങള്‍ പാസാക്കപ്പെട്ടിട്ടുണ്ട്. അതില്‍ മഹാരാഷ്ട്രയിലും കര്‍ണാടകയിലുംമാത്രമാണ് അന്ധവിശ്വാസത്തിനെതിരേ കുറച്ചെങ്കിലും പൂര്‍ണമായ നിയമം ഉള്ളത്. ഝാര്‍ഖണ്ഡ്, ബിഹാര്‍, ഒഡിഷ, രാജസ്ഥാന്‍, അസം, ഗുജറാത്ത് എന്നീ എട്ട് സംസ്ഥാനങ്ങളില്‍ രണ്ടായിരത്തിനുമുന്‍പുതന്നെ പരിമിതമായ തോതില്‍ ആഭിചാരത്തിനും ദുര്‍മന്ത്രവാദത്തിനുമെതിരേയുള്ള നിയമങ്ങള്‍ നിലവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *