കൊച്ചി എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കുലി കേസിൽ മറുപടി നൽകാൻ കൂടുതൽ സമയം ചോദിച്ച് സംസ്ഥാന സർക്കാർ. ഇ.ഡി അസി. ഡയറക്ടർ ശേഖർ കുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടത്. തുടർന്ന് ചൊവ്വാഴ്ച വരെ സമയം അനുവദിച്ച ജസ്റ്റിസ് എ.ബദറുദീൻ. അന്ന് കേസിൽ വാദം നടത്തി തീർപ്പാക്കുമെന്നും വ്യക്തമാക്കി.
നേരത്തെ മുൻകൂർ ജാമ്യഹർജി പരിഗണിച്ചപ്പോൾ മറുപടി നൽകാൻ ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. ശേഖർ കുമാറിനെ അറസ്റ്റ് ചെയ്യുന്നത് ഇന്നു വരെ തടയുകയും ചെയ്തിരുന്നു. അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ചൊവ്വാഴ്ച വരെ കോടതി നീട്ടിയിട്ടുണ്ട്.ഇന്ന് കേസ് പരിഗണിച്ചപ്പോൾ മറുപടി നൽകാൻ സർക്കാർ കൂടുതൽ സമയം ചോദിക്കുകയായിരുന്നു. എന്തുകാണ്ടാണ് മറുപടി നൽകാൻ വൈകുന്നതെന്ന് കോടതി ഇതിനിടെ ആരാഞ്ഞു. തുടർന്നാണ് കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റിയത്.