കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാനാകില്ലെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഹൈക്കോടതി. ജസ്റ്റിസുമാരായ ഡോ. എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, പി.എം. മനോജ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് ചോദിച്ചുകൊണ്ടായിരുന്നു വിമര്‍ശനം. വായ്പ തള്ളാന്‍ നിയമപരമായി അധികാരമില്ലെന്ന് പറയാന്‍ കേന്ദ്രത്തിന് സാധിക്കില്ലെന്നും നിയമത്തെ നിങ്ങള്‍ എങ്ങനെയാണ് മനസിലാക്കുന്നതെന്നും കോടതി ചോദിച്ചു.
വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ച കൂടി കോടതി അനുവദിച്ചു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളുന്നതില്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് അധികാരമില്ലെന്നാണ് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചത്.
ദുരന്തനിവാരണ നിയമത്തിലെ 13ാം വകുപ്പ് മാര്‍ച്ച് 26ന് ഒഴിവാക്കിയിരുന്നുവെന്നും വായ്പ എഴുതി തള്ളുന്നതില്‍ ശുപാര്‍ശ ചെയ്യാന്‍ അധികാരമില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വായ്പ എഴുതിത്തള്ളാന്‍ കേന്ദ്ര സര്‍ക്കാരിന് ഭരണഘടനാപരമായി വിവേചനാധികാരമുണ്ടെന്നാണ് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയത്.
ഭരണഘടനയുടെ 73ാം അനുച്ഛേദം അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും വായ്പ എഴുതിത്തള്ളാന്‍ കേന്ദ്ര സര്‍ക്കാരിന് നടപടി സ്വീകരിക്കാനാകുമെന്നും ബെഞ്ച് വ്യക്താമാക്കി.