ജനാധിപത്യത്തെ കൊല ചെയ്യുന്ന നടപടി; അപര സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ തുറന്നടിച്ച് ഹൈക്കോടതി

കൊച്ചി: തെരഞ്ഞെടുപ്പിൽ മുന്നണികളുടെ സ്ഥാനാര്‍ത്ഥികളുടെ സമാനമായ പേരുള്ള അപര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. അപരന്മാരെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊല ചെയ്യുന്ന നടപടിയാണെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു. വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്നതാണ് അപരന്മാരുടെ സ്ഥാനാര്‍ത്ഥിത്വം. അപരന്മാരെ നിയോഗിക്കുന്നത് തെരഞ്ഞെടുപ്പിനെ ഇല്ലാതാക്കുമെന്നും ഇത്തരം നീക്കം തടയണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ട് നഷ്ടപ്പെടരുതെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരത്തിൽ അപര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നുണ്ടെന്നും ഹൈക്കോടതി വിമര്‍ശിച്ചു.ഈ നിയമസഭാ തെരഞ്ഞെടുപ്പിലും പല സ്ഥാനാര്‍ത്ഥികള്‍ക്കും ഭീഷണിയായി അപരന്മാര്‍ മത്സര രംഗത്തുണ്ട്. ബേപ്പൂരിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന പിവി അൻവറിന്‍റെ സമാനമായ പേരുള്ള നാലു അപരന്മാരാണ് മത്സരിക്കുന്നത്. ഒറ്റപ്പാലത്തെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പികെ ശശി അടക്കമുള്ള സ്ഥാനാര്‍ത്ഥികള്‍ക്കും അപരഭീഷണിയുണ്ട്. ഇത്തരത്തിൽ ഭൂരിഭാഗം മണ്ഡലങ്ങളിലും പ്രധാന മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ അപരന്മാരെ നിര്‍ത്തുന്നത് സ്ഥാനാര്‍ത്ഥിക്ക് കിട്ടുന്ന വോട്ട് നഷ്ടപെടാൻ കാരണമാകുമെന്ന വിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്

Leave a Reply

Your email address will not be published. Required fields are marked *