മെമ്മറി കാര്‍ഡ് തിരുത്തിയത് അതിജീവിതയുടെ സ്വകാര്യത ലംഘനമെന്ന് ഹൈക്കോടതി; തിരുത്തി വിചാരണക്കോടതി; അസാധാരണ നടപടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുമ്പത്തെ ഹൈക്കോടതി ഉത്തരവിനെ തിരുത്തി വിചാരണക്കോടതിയുടെ അസാധാരണ നടപടി.നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡില്‍ വരുത്തിയ തിരുത്ത് അതിജീവിതയുടെ മൗലികാവകാശമായ സ്വകാര്യതയുടെ ലംഘനമാണെന്ന 2023ലെ ഹൈക്കോടതിയുടെ കണ്ടെത്തലാണ് വിചാരണക്കോടതി തിരുത്തിയിരിക്കുന്നത്.അതിജീവിതയുടെ സ്വകാര്യത ലംഘിച്ചിട്ടില്ലെന്ന് വിചാരണക്കോടതി വിധി ന്യായത്തില്‍ പറഞ്ഞു. 938ാം ഖണ്ഡികയിലാണ് ഈ പരാമര്‍ശമുള്ളത്.കോടതിയുടെ കസ്റ്റഡിയിലിരിക്കുന്ന മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ കോടതിക്ക് പിഴവ് പറ്റിയെന്ന് 2023 ഡിസംബറിലെ വിധിയില്‍ ഹൈക്കോടതി പറഞ്ഞിരുന്നു.അതിജീവിതയുടെ താത്പര്യം സംരക്ഷിക്കാനായില്ല. അതിജീവിതയുടെ സ്വകാര്യത ലംഘിച്ചുവെന്നതില്‍ തര്‍ക്കമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.ജസ്റ്റിസ് കെ. ബാബുവിന്റെ സിംഗിള്‍ ബെഞ്ചിന്റേതായിരുന്നു ഈ നിരീക്ഷണം. ഇതിന് കടകവിരുദ്ധമാണ് വിചാരണക്കോടതിയുടെ വിധി ന്യായത്തിലെ പരാമര്‍ശങ്ങള്‍.സര്‍ക്കാര്‍ ഇക്കാര്യമുള്‍പ്പെടെ ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ പരമാവധി വേഗത്തില്‍ കേസ് പഠിച്ച് അപ്പീല്‍ നല്‍കാനാണ് പ്രോസിക്യൂഷനും തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.ഡിസംബര്‍ എട്ടിന് കേസില്‍ വിധി പറഞ്ഞ കോടതി എട്ടാം പ്രതി ദിലീപുള്‍പ്പെടെയുള്ള നാല് പ്രതികളെ കേസില്‍ കുറ്റവിമുക്തരാക്കിയിരുന്നു. ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തുകയും ഇവര്‍ക്കുള്ള ശിക്ഷ ഡിസംബര്‍ 12ന് വിധിച്ചിരുന്നു. ഒന്നാംപ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ക്ക് 20 വര്‍ഷം തടവാണ് ശിക്ഷ വിധിച്ചത്.ഒന്നാം പ്രതി പള്‍സര്‍ സുനിയ്ക്ക് മൂന്നുലക്ഷവും മാര്‍ട്ടിന്‍ ആന്റണിക്ക് 1,25000 വും പിഴ വിധിച്ചിരുന്നു. മറ്റ് നാല് പ്രതികള്‍ക്കും പിഴ ഒരു ലക്ഷം വീതമാണ്.പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം വീതം അധികതടവ് അനുഭവിക്കേണ്ടി വരും. പിഴത്തുക ഇരയ്ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നും അവരുടെ സ്വര്‍ണമോതിരം തിരികെ നല്‍കണമെന്നും കോടതി വിധിയില്‍ പറഞ്ഞിരുന്നു.തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‌തെന്ന കേസിലെ ഏറ്റവും കുറഞ്ഞ ശിക്ഷയായിരുന്നു എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജസ്റ്റിസ് ഹണി എം. വര്‍ഗീസ് പ്രതികള്‍ക്ക് വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *