കോന്തുരുത്തിയിലെ ഭൂമി കൈയേറ്രങ്ങൾ ഒഴിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: കോന്തുരുത്തി പുഴ പുറമ്പോക്കിലെ കൈയേറ്റക്കാരെ പൊലീസ് സഹായത്തോടെ നാലു മാസത്തിനുള്ളിൽ ഒഴിപ്പിക്കാൻ കർശന നിർദേശം നൽകി ഹൈക്കോടതി. ഈ സമയത്തിനുള്ളിൽ പുനരധിവാസം സംബന്ധിച്ച് കൊച്ചി കോർപ്പറേഷനും സർക്കാരും നടപടി സ്വീകരിക്കണമെന്നും നടപടികൾക്കായി ചീഫ് സെക്രട്ടറി രണ്ടാഴ്ചയ്ക്കകം യോഗം വിളിക്കണമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. നാലുമാസ സമയപരിധി നൽകിയിരിക്കുന്നത് കൈയേറ്റങ്ങൾ നീക്കം ചെയ്യാനാണ്. പുനരധിവാസം എങ്ങനെ നടപ്പിലാക്കാമെന്നതിന് കോർപ്പറേഷനും സർക്കാരും പരിഹാരമുണ്ടാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഏതു സാഹചര്യമാണെങ്കിലും പുഴ പുറമ്പോക്കിലെ കൈയേറ്റങ്ങൾ ഒരു വർഷത്തിനുള്ളിൽ നീക്കം ചെയ്യണമെന്ന് 2020 ജൂൺ 9ന് ഉത്തരവിട്ടതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ഉത്തരവ് വന്നിട്ടും അഞ്ചുവർഷത്തിലേറെ കോർപ്പറേഷനും സർക്കാരും വിഷയം വലിച്ചുനീട്ടി. കൈയേറ്റക്കാരെ സർക്കാരും കോർപ്പറേഷനും പുനരധിവസിപ്പിക്കണമെന്നും പുഴയുടെ സ്വാഭാവിക ഒഴുക്ക് ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.സർക്കാരും കൊച്ചി കോർപ്പറേഷനും ചേർന്നു ചെയ്യേണ്ടതാണ് പുനരധിവാസം. ഇതിനായി പദ്ധതിയുണ്ടാക്കാൻ കോടതി പലവട്ടം ഉത്തരവിട്ടതാണ്. കോർപ്പറേഷനും സർക്കാരിനും കഴിയുന്നില്ലെങ്കിൽ വിഷയം നീട്ടിക്കൊണ്ടുപോകാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ പുനരധിവാസ നടപടികളുമായി സഹകരിക്കുന്നുണ്ടെന്നും സർക്കാർ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം പോരെന്നാണ് കൈയേറ്റക്കാരുടെ നിലപാടെന്നും കോർപ്പറേഷൻ അറിയിച്ചു. കോടതി ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന് കെ.ജെ. ടോമി നൽകിയ കോടതിഅലക്ഷ്യ ഹർജിയാണ് ഡിവിഷൻബെഞ്ച് പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *