കോട്ടയം :തിരുവാതുക്കൽ എപിജെ അബ്ദുൽ കലാം സ്മാരക ടൗൺ ഹാൾ തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്ന് ഒഴിപ്പിച്ചെടുത്ത് നഗരസഭ. ജനുവരി 22നു ടൗൺഹാൾ നഗരസഭയ്ക്ക് കൈമാറണമെന്നു ഹൈക്കോടതി നിർദേശം നൽകിയിരുന്നു. കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. നാലാഴ്ചക്കുള്ളിൽ കെട്ടിടം ഒഴിയണമെന്ന നിർദേശം നൽകി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഇവിടെ സൂക്ഷിക്കുന്ന വോട്ടിങ് യന്ത്രങ്ങൾ, വിവിപാറ്റ് കൺട്രോൾ യൂണിറ്റ് എന്നിവയെല്ലാം ഇന്നലെ നാട്ടകത്ത് വാടകയ്ക്ക് എടുത്ത മറ്റൊരു കെട്ടിടത്തിലേക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ മാറ്റി.2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം കലക്ടറുടെ നേതൃത്വത്തിലാണ് ടൗൺഹാൾ താൽക്കാലികമായി ഏറ്റെടുത്തത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെയർഹൗസ് കെട്ടിടം ജില്ലയിൽ ഉടൻ നിർമിക്കുമെന്നും വോട്ടിങ് യന്ത്രങ്ങൾ അങ്ങോട്ടേക്ക് മാറ്റുമെന്നുമായിരുന്നു ഉറപ്പ്. കലക്ടറുടെ ബംഗ്ലാവിനു സമീപം മുട്ടമ്പലത്ത് സർക്കാർ ഭൂമിയിൽ ഓഫിസും ഗോഡൗണും നിർമിക്കാനായിരുന്നു തീരുമാനം. എന്നാൽ കെട്ടിട നിർമാണം ആരംഭിക്കാൻ കഴിഞ്ഞില്ല. ടൗൺഹാൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ കൈയ്യിലായതോടെ ഗേറ്റ് വരെ പൂട്ടി മുദ്രവച്ചു. നഗരസഭ ലക്ഷങ്ങൾ മുടക്കി നിർമിച്ച കെട്ടിടം അറ്റകുറ്റപ്പണി നടത്താതെ വന്നതോടെ ടൈലുകളടക്കം പൊട്ടി. ഭിത്തിക്കും തകരാറുണ്ട്. പടിഞ്ഞാറൻ മേഖലയിലെ സാധാരണ ജനങ്ങൾക്കു കുറഞ്ഞ വാടക നിരക്കിൽ ആഘോഷങ്ങൾക്കും മറ്റും ലഭിച്ചിരുന്ന സൗകര്യവും ഇല്ലാതായി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ബെംഗളൂരു ലോ കോളജ് പ്രഫസർ വേളൂർ ഈശ്വരകൃപയിൽ എസ്.പൃഥ്വിരാജ് ഹൈക്കോടതിയിൽ നൽകിയ പൊതുതാൽപര്യ ഹർജിയിലായിരുന്നു ഉത്തരവ്. അഭിഭാഷകരായ ഏബ്രഹാം പി.ജോർജ്, പി.സെബാസ്റ്റ്യൻ ഏബ്രഹാം, എസ്.സനിൽകുമാർ, എം.ശാന്തി, എൻ.എം.വൈശാഖ്, ജെ.വിഷ്ണു എന്നിവർ കോടതിയിൽ ഹാജരായി.
ഹൈക്കോടതി ഉത്തരവ്: ടൗൺ ഹാൾ ഒഴിഞ്ഞ് തിരഞ്ഞെടുപ്പ് കമ്മിഷൻ
