ഹൈക്കോടതി ഇടപെട്ടു, മെഡി. കോളേജ് ചുറ്റുമതിൽനിർമ്മാണം തുടങ്ങി

അമ്പലപ്പുഴ: ദേശീയപാത നവീകരണത്തിനായി മൂന്നു വർഷം മുമ്പ് പൊളിച്ചു നീക്കിയ ആലപ്പുഴ മെഡിക്കൽ കോളേജിന്റെ ചുറ്റുമതിൽ നിർമ്മാണം ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് ആരംഭിച്ചു. പൊളിച്ച മതിലിന്റെ നഷ്ടപരിഹാര തുക സർക്കാരിന് കിട്ടിയിട്ടും മതിൽ പണിയാൻ യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചില്ല. ജി.എസ്.ടിയടക്കം ഒരു കോടി ഇരുപത്തിയേഴു ലക്ഷം രൂപയാണ് മതിൽ നിർമ്മാണത്തിനായി സർക്കാർ അനുവദിച്ചത്. ആറു മാസത്തിനകം നിർമ്മാണം പൂർത്തിയാക്കണമെന്നാണ് കരാർ വ്യവസ്ഥ. മന്ത്രിമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് കോളേജ് പി.ടി.എ നിരവധി തവണ നിവേദനം നൽകിയെങ്കിലും അനുകൂല നടപടി ഉണ്ടാകാതിരുന്നതിനാൽ ഏഴു എം.ബി.ബി.എസ് വിദ്യാർത്ഥിനികൾ പി.ടി.എ യുടെ സഹകരണത്തോടെ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി സെപ്റ്റംബർ 25 നകം നിർമ്മാണം തുടങ്ങണമെന്ന് ഉത്തരവിട്ടെങ്കിലും പി.ഡബ്ല്യു.ഡി അധികൃതർ ഉത്തരവ് പാലിച്ചില്ല. തുടർന്ന് കോടതിയലക്ഷ്യ നടപടികളുമായി പി.ടി.എ മുന്നോട്ടു പോയി. ഹൈക്കോടതിയുടെ ശക്തമായ താക്കീതിനെ തുടർന്ന് ഇപ്പോൾ പി.ഡബ്ല്യു.ഡി അധികൃതർ നിർമ്മാണം തുടങ്ങിയത്. നിരവധി ഹോസ്റ്റലുകളും വിവിധ ലാബുകളും കോളേജ് ക്യാമ്പസിലാണ് പ്രവർത്തിക്കുന്നത്. സാമൂഹ്യവിരുദ്ധ ശല്യം ഉൾപ്പടെ വലിയ സുരക്ഷ ഭീഷണിയിലായിരുന്നു കോളേജും ഹോസ്റ്റലും.

Leave a Reply

Your email address will not be published. Required fields are marked *