ശബരിമലയിൽ മകരവിളക്ക് ദിനത്തിൽ പ്രവേശിപ്പിക്കാവുന്ന ഭക്തരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ വരുത്തി ഹൈക്കോടതി. ജനുവരി 14 മകരവിളക്ക് ദിനത്തിൽ 35,000 പേർക്ക് മാത്രമായി പ്രവേശനം നിജപ്പെടുത്തി ഹൈക്കോടതി ഉത്തരവിറക്കി. മകരവിളക്ക് ദിവസം വെർച്ച്വൽ ക്യൂ വഴി 30,000 ഭക്തർക്കും സ്പോട്ട് ബുക്കിങ് വഴി 5000 പേർക്കുമാണ് പ്രവേശനം അനുവദിക്കുക.ജനുവരി 13ന് വെർച്വൽ ക്യൂ വഴി 35,000 പേർക്കും സ്‌പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കും പ്രവേശിക്കാവുന്നതാണ്. മകരവിളക്ക് ദിവസം രാവിലെ പത്തുമണിക്ക് ശേഷം നിലയ്ക്കലിൽ നിന്നും ആരെയും പമ്പയിലേക്ക് കടത്തിവിടില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 11 മണി കഴിഞ്ഞാൽ പമ്പയിൽ നിന്നും സന്നിധാനത്തേക്കും ആരെയും കടത്തിവിടരുതെന്നാണ് ഹൈക്കോടതി ഉത്തരവിലുള്ളത്.മകരവിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര ജനുവരി 12ന് പുറപ്പെടും. പന്തളത്തുള്ള വലിയ കോയിക്കൽ ധർമ്മശാസ്ത്ര ക്ഷേത്രത്തിൽ നിന്നുമാണ് ഘോഷയാത്ര ആരംഭിക്കുക. തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ട് ഒന്നാം ദിവസം പന്തളത്ത് നിന്ന് കുളനട, ഉള്ളന്നൂർ വഴി രാത്രി അയിരൂർ പുതിയകാവ് ദേവി ക്ഷേത്രത്തിൽ എത്തിച്ചേരും. അന്ന് അവിടെയാണ് വിശ്രമിക്കുക. തുടർന്ന് രണ്ടാമത്തെ ദിവസം അയിരൂരിൽ നിന്ന് പുറപ്പെട്ട് ഇടക്കുളം, വടശ്ശേരിക്കര, പെരുനാട് വഴി രാത്രി ളാഹ ഫോറസ്റ്റ് സത്രത്തിലെത്തി വിശ്രമിക്കും.
മകരവിളക്ക് ദിനത്തിൽ കർശന നിയന്ത്രണവുമായി ഹൈക്കോടതി; പ്രവേശനം 35,000 പേർക്ക് മാത്രം
