ടി.പി. കേസ് പ്രതികൾക്ക് എന്താണ് പ്രത്യേകതയെന്ന് ഹൈക്കോടതി; പ്രതിക്ക് പരോൾ അനുവദിച്ചില്ല

കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് തുടർച്ചയായ പരോളും അടിയന്തര അവധികളും നൽകിയത് വിശദമായി അന്വേഷിക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഈ കേസിലെ പ്രതികൾക്ക് ഇങ്ങനെയുള്ള പരിഗണന ലഭിക്കാൻ എന്താണ് പ്രത്യേകതയെന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ അധ്യക്ഷനായ ബെഞ്ച് വാക്കാൽ ചോദിച്ചു.ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ ജ്യോതി ബാബുവിന്റെ ഭാര്യ പി.ജി. സ്മിത നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്. ബന്ധുവിന്റെ മരണത്തെത്തുടർന്ന് ആചാരപരമായ ചടങ്ങുകൾക്കായി ഭർത്താവിന് 10 ദിവസത്തെ പരോൾ അനുവദിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.ഹർജിയിൽ, മരണാനന്തര ചടങ്ങുകൾ നടത്തേണ്ട കുടുംബത്തിലെ ഏക മുതിർന്ന പുരുഷ അംഗം തന്റെ ഭർത്താവാണെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതാണെന്നും സ്മിത വാദിച്ചിരുന്നു. എന്നാൽ, അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ മാത്രമാണ് അടിയന്തര അവധിയോ പരോളോ അനുവദിക്കുന്നതെന്നും, ഇതുപ്രകാരം മരിച്ചയാൾ പ്രതിയുടെ നേരിട്ടുള്ള ബന്ധുവല്ലെന്നും കോടതി നിരീക്ഷിച്ചു.നേരത്തെ, ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസിനും കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനും പരോൾ ആവശ്യപ്പെട്ട് ജ്യോതി ബാബു നിവേദനം നൽകിയിരുന്നു. എന്നാൽ, നടപടിയൊന്നും ഉണ്ടാകാത്തതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കാനായി ജയിൽ സൂപ്രണ്ടിന് നിർദ്ദേശം നൽകണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയാൽ, പ്രതി സ്വാധീനമുള്ളയാളായതിനാൽ ഹർജി അനുവദിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് കോടതി വാക്കാലായി നിരീക്ഷിച്ചു. തുടർന്നാണ് ബെഞ്ച് ഹർജി തള്ളിയത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ശിക്ഷാ തടവുകാരൻ എന്ന് ഹർജിയിൽ വ്യക്തമാക്കിയിരുന്നില്ല. ഇതിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *