കൊച്ചി :ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളിലെ അന്തിമ റിപ്പോർട്ട് 10 ദിവസത്തിനുള്ളിൽ ഹൈക്കോടതിയിൽ സമർപ്പിക്കും. മലയാള സിനിമ മേഖലയുമായി ബന്ധപ്പെട്ട് നടന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും മറ്റും അന്വേഷിച്ച പ്രത്യേക അന്വേഷണ സമിതിയാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ റജിസ്‌റ്റർ ചെയ്ത കേസുകൾ അവസാനിപ്പിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചതിനു പിന്നാലെയാണ് അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ സിനിമ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റിൽ സിനിമ കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ ജസ്‌റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, സി.എസ്.സുധ എന്നിവരുടെ ബെഞ്ചിനെ അറിയിച്ചു.കോൺക്ലേവിലെ ശുപാർശകളുടെ അടിസ്‌ഥാനത്തിൽ ഒക്ടോബറോടു കൂടി സിനിമ നയത്തിനു രൂപം നൽകുകയും പിന്നീട് ഇതിനായി നിയമ നിർമാണം നടത്തുമെന്നും സർക്കാർ വ്യക്തമാക്കി. സിനിമ മേഖലയിലെ എല്ലാ സംഘടനകളുടേയും ശുപാർശകളുടെ അടിസ്‌ഥാനത്തിലാവും നയരൂപീകരണം.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നശേഷം അതിലെ പരാമർശങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. തുടർന്ന്, സിനിമാ പ്രവർത്തകരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ 35 കേസുകൾ എസ്ഐടി റജിസ്റ്റർ ചെയ്തിരുന്നു.