ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടണമെന്ന് സുപ്രീംകോടതി. ഏതെങ്കിലും വിഭാഗങ്ങളെ ഒറ്റപ്പെടുത്താന്‍ നടത്തുന്ന പ്രസംഗങ്ങള്‍ ക്രിമിനല്‍ കുറ്റമാണെന്നും അതിനെ ശക്തമായ രീതിയില്‍ നേരിടേണ്ടത് ഭരണകൂടങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ചീഫ്ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. വഖ്ഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് നല്‍കിയ ഹരജിയുടെ പശ്ചാത്തലത്തിലുണ്ടായ വര്‍ഗീയ പരാമര്‍ശങ്ങളില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് അഡ്വ. വിശാല്‍ തിവാരി നല്‍കിയ ഹരജി പരിഗണിക്കുമ്ബോഴാണ് കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. വഖ്ഫ് കേസ് പരിഗണിച്ച സുപ്രിംകോടതിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ ബിജെപി എംപി നിഷികാന്ത് ദുബെക്കെതിരെ നടപടി വേണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.
നിഷികാന്ത് ദുബെയുടെ പരാമര്‍ശങ്ങള്‍ നിരുത്തരവാദപരമായിരുന്നു എന്നും കോടതി പറഞ്ഞു. ”സുപ്രിം കോടതിയെയും ജഡ്ജിമാരെയും വിമര്‍ശിച്ചുകൊണ്ട് ശ്രദ്ധ ആകര്‍ഷിക്കാനുള്ള പ്രവണതയാണിത്.ജനാധിപത്യത്തില്‍ ഭരണഘടനാ കോടതികള്‍ക്കുള്ള പങ്കിനെക്കുറിച്ചും അതിന്റെ കടമകളെ കുറിച്ചുമുള്ള അജ്ഞതയാണ് പ്രസ്താവന കാണിക്കുന്നത്. അത്തരം പരിഹാസ്യമായ പ്രസ്താവനകള്‍ക്ക് കീഴില്‍ വാടിപ്പോകാന്‍ കോടതികള്‍ പൂക്കള്‍ പോലെ ദുര്‍ബലമല്ല. ഇത്തരം അസംബന്ധ പ്രസ്താവനകള്‍ പൊതുജനങ്ങള്‍ക്ക് കോടതികളിലുള്ള വിശ്വാസം ഇല്ലാതാക്കില്ല. പക്ഷേ, പ്രസംഗിക്കുന്നവര്‍ക്ക് അങ്ങനെ ആഗ്രഹമുണ്ടെന്ന് അറിയാം.”-കോടതി വിശദീകരിച്ചു.