അധികാരപരിധി കടന്നോ? മുനമ്പം വഖഫ് ഭൂമി ഹൈക്കോടതി ഉത്തരവിന് എതിരായ ഹർജി വെള്ളിയാഴ്ച പരിഗണിക്കും

ന്യൂ ഡൽഹി: മുനമ്പത്തേത്് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി വെള്ളിയാഴ്ച്ച പരിഗണിക്കും. ജസ്റ്റിസുമാരായ മനോജ് മിശ്ര, ഉജ്ജ്വൽ ഭുയാൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. നിയമപരമായ നടപടിക്രമങ്ങൾ മറികടന്ന് അധികാരപരിധി വിട്ടാണ് കേരള ഹൈക്കോടതി ഉത്തരവ് പുറപ്പടിവിച്ചതെന്ന് ആരോപിച്ച് നൽകിയിരിക്കുന്ന ഹർജിയാണ് സുപ്രീം കോടതി വെള്ളിയാഴ്ച്ച പരിഗണിക്കുന്നത്. കേസിൽ സ്റ്റേ ഉത്തരവ് പുറപ്പടുവിക്കുന്നതിനെ സംസ്ഥാന സർക്കാരും മുനമ്പത്തെ ഒരു വിഭാഗം ഭൂവുടമകളും സുപ്രീം കോടതിയിൽ എതിർക്കും.മുനമ്പത്തെ തർക്കഭൂമി വഖഫ് അല്ലെന്ന് പ്രഖ്യാപിക്കാൻ കേരള ഹൈകോടതിക്ക് അധികാരമില്ലെന്നാണ് ഹർജി നൽകിയിരിക്കുന്ന കേരള വഖഫ് സംരക്ഷണ വേദിയുടെ വാദം. വഖഫ് ആയി വിജ്ഞാപനം ചെയ്തിട്ടുള്ള ഭൂമി സംബന്ധിച്ച തർക്കം ഉണ്ടായാൽ വഖഫ് ട്രിബ്യുണലിന് മാത്രമേ അതിൽ തീർപ്പു കൽപ്പിക്കാൻ കഴിയൂ. നേരിട്ട് ഫയൽ ചെയ്യുന്ന റിട്ട് അപ്പീലിൽ തീർപ്പ് കൽപ്പിക്കാൻ ഹൈക്കോടതിക്ക് അവകാശമില്ലെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് കേരള വഖഫ് ബോർഡ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. അതിനാൽ വഖഫ് ട്രിബ്യുണലിനെ മറികടന്ന് ഉത്തരവിറക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്നാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നത്.മുനമ്പത്തെത് വഖഫ് ഭൂമിയല്ലെന്ന് വിധിക്കാൻ സംസ്ഥാന സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നില്ല. ഭരണഘടനയുടെ 226-ാം അനുച്ഛേദ പ്രകാരമുള്ള അധികാരം സ്വമേധയാ ഉപയോഗിച്ചാണ് കേരള ഹൈക്കോടതി മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന് ഉത്തരവിറക്കിയതെന്നും ഹർജിക്കാർ ആരോപിക്കുന്നു. മുനമ്പം വിഷയത്തിൽ ശുപാർശകൾ സമർപ്പിക്കാനായി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ നിയമിച്ച സംസ്ഥാന സർക്കാർ നടപടിയെയും ഹർജിക്കാർ ചോദ്യം ചെയ്യുന്നുണ്ട്. രാമചന്ദ്രൻ നായരുടെ നിയമനം ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയെങ്കിലും ഡിവിഷൻ ബെഞ്ച് ശരിവയ്ക്കുകയാണ് ചെയ്തത്. അഭിഭാഷകൻ അബ്ദുള്ള നസീഹ് ആണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *