കൊച്ചി: ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗിക പീഡനം സംബന്ധിച്ച് പരാതി ഉന്നയിക്കുന്നവരുടെ വിവരങ്ങൾ വെളിപ്പെടുത്താതിരിക്കാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി. സ്വകാര്യത സംരക്ഷിക്കാൻ നിലവിൽ ഒരു സംവിധാനവുമില്ലെന്ന് കണ്ടെത്തിയാണ് നാല് മാസത്തിനുള്ളിൽ സർക്കാർ തീരുമാനമെടുക്കണമെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്. വനിതാ ജീവനക്കാരിയുടെ പരാതിയിൽ ആരംഭിച്ച നടപടികൾ റദ്ദാക്കണമെന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഹർജി തള്ളിയതിനെ ചോദ്യം ചെയ്ത് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥനായ തോമസ് ആന്റണി സമർപ്പിച്ച ഹർജിയിലാണ് നടപടി.വ്യക്തിയുടെ മൗലികാവകാശമായ സ്വകാര്യത സംരക്ഷിക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും കോടതി അറിയിച്ചു.
POSH നിയമ പ്രകാരം, തൊഴിലിടത്തിൽ പരാതി നൽകിയാൽ ആഭ്യന്തര പരാതി പരിഹാര സെൽ (ഐസിസി) പരാതിക്കാരെ അപകീർത്തിപെടുത്തുന്ന രീതിയിൽ പ്രവർത്തിക്കരുതെന്നും കോടതി വ്യക്തമാക്കി. ലൈംഗിക പീഡനമോ മറ്റ് അതിക്രമങ്ങളോ ആരോപിക്കുന്ന പരാതിക്കാരന്റെ വിവരങ്ങൾ അജ്ഞാതമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. എന്നാൽ, പരാതി നൽകിയ ജീവനക്കാരന്റെ അവകാശങ്ങൾ ഹനിക്കാത്ത വിധത്തിലാകണം ഇത് ചെയ്യേണ്ടതെന്നും കോടതി പറഞ്ഞു. ഹർജിക്കാരനെതിരായ മുഴുവൻ നടപടികളും മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ കോടതി ടൂറിസം ഡയറക്ടറേറ്റിനോട് നിർദേശിച്ചു. ഈ വിഷയത്തിൽ ഉണ്ടായ അനാവശ്യ കാലതാമസം കണക്കിലെടുത്താണ് നടപടി.