ഗുരുവായൂർ ദേവസ്വം നിയമനം: ഹൈക്കോടതി ഉത്തരവിന് സ്റ്റേ

ദേവസ്വം റിക്രൂട്മെന്റ് ബോർഡിനു ഗുരുവായൂർ ദേവസ്വം നിയമനങ്ങൾ നടത്താനാകില്ലെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ബോർഡ് നൽകിയ ഹർജിയിൽ ബെഞ്ച് നോട്ടിസയച്ചു.ഗുരുവായൂർ ദേവസ്വം നിയമനങ്ങൾക്കു ദേവസ്വം മാനേജിങ് കമ്മിറ്റിക്ക് അധികാരം നൽകുന്ന 1978ലെ ഗുരുവായൂർ ദേവസ്വം നിയമത്തിലെ 19–ാം വകുപ്പിനാണു നിയമസാധുതയെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഇത് മറികടക്കുന്ന ദേവസ്വം റിക്രൂട്മെന്റ് ബോർഡ് നിയമത്തിലെ 9–ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഗുരുവായൂർ ദേവസ്വം നിയമനങ്ങൾ തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ നിയമന നടപടികൾ ദേവസ്വം റിക്രൂട്മെന്റ് ബോർഡ് പുനരാരംഭിച്ചു. ഗുരുവായൂർ ദേവസ്വത്തിലെ 38 തസ്തികകളിലെ 420 ഒഴിവിലേക്കുള്ള വിജ്ഞാപനത്തിന്റെ തുടർനടപടികളാണു റിക്രൂട്മെന്റ് ബോർഡ് പുനഃരാരംഭിച്ചത്. 24 തസ്തിയിലേക്കുള്ള പരീക്ഷകൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. ഇതിന്റെ ലിസ്റ്റുകൾ ഉടൻ പ്രസിദ്ധീകരിച്ചു തുടങ്ങും. ബാക്കി തസ്തികകളിൽ ഇന്റർവ്യൂവിന്റെ മാത്രം അടിസ്ഥാനത്തിലാണു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. ഈ നടപടികളും വരുംദിവസങ്ങളിൽ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *