നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടുന്നതിൽ ഗവർണർക്ക് സമയപരിധി നിശ്ചയിക്കണം എന്നാവശ്യപ്പെട്ട് കേരളം നൽകിയ ഹർജി ഇന്ന് സുപ്രീം കോടതിയിൽ. തമിഴ്നാട് ഗവർണ്ണർക്കെതിരായ കേസിൽ സമയപരിധി നിശ്ചയിക്കപ്പെട്ടത് കേരളം കോടതിയിൽ ചൂണ്ടിക്കാട്ടും. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഈ ഹർജിയും ബില്ലുകളിൽ തീരുമാനമെടുക്കാത്തതിൽ ഗവർണർക്കും രാഷ്ട്രപതിയുടെ ഓഫിസിനുമെതിരെ നൽകിയ ഹർജിയും ഒരേ ബെഞ്ച് പരിഗണിക്കണമെന്ന് കേരളം ആവശ്യപ്പെട്ടേക്കും.
തമിഴ്നാട് ഗവർണ്ണർക്കെതിരായ കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് ജെ ബി പർദിവാലയുടെ ബെഞ്ചിലേക്ക് ഹർജികൾ മാറ്റണമെന്ന് കേരളം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിരിക്കെ എട്ട് ബില്ലുകളില്‍ രണ്ട് വര്‍ഷത്തോളമായി തീരുമാനം വൈകിയതിനെത്തുടർന്നാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. ഈ മാസം 8 നാണ് തമിഴ്നാടിന് അനുകൂലമായ ചരിത്ര വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. തമിഴ്നാട് ഗവർണർ ആർ എൻ രവി അന്യായമായി തടഞ്ഞുവച്ചിരുന്ന പത്ത് ബില്ലുകളും സുപ്രീംകോടതി പാസാക്കുകയും ചെയ്തു. തമിഴ്നാട് നിയമസഭ അംഗീകാരത്തിനായി സമർപ്പിച്ച പത്ത് ബില്ലുകളാണ് സുപ്രീംകോടതി പാസാക്കിയത്. പത്ത് ബില്ലുകൾ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി മാറ്റിവയ്ക്കാനുള്ള തമിഴ്‌നാട് ഗവർണറുടെ തീരുമാനം നിയമവിരുദ്ധവും തെറ്റുമാണെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു.