സർക്കാർ ജിനീഷ് ജെറോമിന്റെ കുടുംബത്തിനൊപ്പം ; ഹർജി തീർപ്പാക്കി ഹൈക്കോടതി

കൊച്ചി: 2018ലെ മഹാപ്രളയകാലത്ത് നിരവധി ജീവനുകൾ രക്ഷിച്ച പൂന്തുറ സ്വദേശി, അന്തരിച്ച ജിനീഷ് ജെറോമിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ വീടും സാന്പത്തികസഹായവുമടക്കം സംരക്ഷണം ഉറപ്പാക്കിയെന്ന്‌ വിലയിരുത്തി ഹൈക്കോടതി. സംസ്ഥാന സർക്കാരിന്റെ സത്യവാങ്‌മൂലം അംഗീകരിച്ച്‌ ചീഫ് ജസ്റ്റിസ് ഷൗമെൻ സെൻ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്‌ ജിനീഷിന്റെ കുടുംബത്തിന് സഹായം നൽകാൻ നിർദേശിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജി തീർപ്പാക്കി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് രണ്ടുലക്ഷവും മത്സ്യത്തൊഴിലാളി ക്ഷേമനിധിബോർഡിൽനിന്ന് 10 ലക്ഷവും ജിനീഷിന്റെ കുടുംബത്തിന്‌ നൽകിയതായി സംസ്ഥാന സർക്കാർ ഹെെക്കോടതിയിൽ ബോധിപ്പിച്ചു. ചികിത്സാച്ചെലവായി 70,000 രൂപ ആശുപത്രിയിൽ നൽകി. ജിനീഷിന്റെ അച്ഛന്റെ പേരിൽ തിരുവനന്തപുരം മുട്ടത്തറയിൽ പ്രത്യാശ- പുനർഗേഹം ഭവനപദ്ധതിയിൽ ഫ്ലാറ്റും അനുവദിച്ചതായി സത്യവാങ്മൂലത്തിൽ അറിയിച്ചു. ഇതോടെ സാധ്യമായവിധത്തിലെല്ലാം സർക്കാർ ആ കുടുംബത്തെ സഹായിച്ചതായി വിലയിരുത്തിയാണ്‌ ഹർജി തീർപ്പാക്കുകയാണെന്ന് ഡിവിഷൻബെഞ്ച്‌ അറിയിച്ചത്‌. ഹർജിയിൽ ഇനി അധിക ഉത്തരവുകൾ നൽകേണ്ട സാഹചര്യമില്ലെന്നും കോടതി നിരീക്ഷിച്ചു. പൂന്തുറ പള്ളിയിടം പുരയിടത്തില്‍ ജെറോണ്‍–സെല്‍വി ദമ്പതികളുടെ മകനാണ് ജിനീഷ്. പ്രളയകാലത്ത് ചെങ്ങന്നൂർ പാണ്ടനാടുഭാഗത്ത് രക്ഷാപ്രവർത്തനത്തിനിറങ്ങിയ ആറംഗസംഘത്തിൽ മത്സ്യത്തൊഴിലാളിയായ ജിനീഷുമുണ്ടായിരുന്നു. 850ലേറെപ്പേരെയാണ് ഇവർ രക്ഷിച്ചത്. പ്രളയം കഴിഞ്ഞ് രണ്ടു മാസത്തിനുശേഷം വാഹനാപകടത്തിലായിരുന്നു ജിനീഷിന്റെ മരണം.

Leave a Reply

Your email address will not be published. Required fields are marked *