കൊച്ചി: മകളുടെ അപൂര്‍വ രോഗത്തിന് നോണ്‍-എംപാനല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ നല്കാന് ഹൈക്കോടതി ഉത്തരവ്. അഡോളസന്റ് ഇഡിയൊപതിക് സ്കോളിയോസിസ് (ടൈപ്പ് 6) രോഗബാധിതയായ മകളുടെ ചികിത്സാ ചെലവ് തിരികെ നല്കാന് സംസ്ഥാന സര്‍ക്കാര്‍ വിസമ്മതിച്ചതിനെ ചോദ്യം ചെയ്ത് പാലക്കാട് ജില്ലയിലെ അദ്ധ്യാപകന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ ഉത്തരവ്. ചികിത്സാചെലവ് ആറ് ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.തമിഴ്നാട്ടിലെ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ ചികിത്സാ ചെലവ് നിഷേധിച്ചത്. എന്നാല്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യമായ ചികിത്സാ സൗകര്യം ലഭ്യമല്ലാത്തതിനാല്‍, അപേക്ഷകന്റെ റീഇംബേഴ്സ്മെന്റ് അപേക്ഷ അനുകമ്പയോടെ പരിഗണിക്കേണ്ടതായിരുന്നുവെന്ന് കോടതി അറിയിച്ചു. രോഗം ചികിത്സിക്കുന്നതിനുള്ള സൗകര്യങ്ങള്‍ പ്രാദേശികമായി ലഭ്യമല്ലെന്ന പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്കിയ സര്‍ട്ടിഫിക്കറ്റ് പരിഗണിച്ച കോടതി കോയമ്പത്തൂരിലെ ഒരു ആശുപത്രിയില്‍ മകള്‍ക്ക് ചികിത്സ തേടിയതില്‍ ഹര്‍ജിക്കാരനെ കുറ്റപ്പെടുത്താന്‍ കഴിയില്ല. ചികിത്സാ ചെലവുകള്‍ തിരികെ നല്‍കാനും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അദ്ധ്യാപകന് സര്‍ക്കാര്‍ ചികിത്സാ ചെലവ് നല്‍കണം: ഹൈക്കോടതി
