ഗൂഗിളിന് കനത്ത തിരിച്ചടി; സേര്‍ച്ച്, പരസ്യമേഖലകളില്‍ കുത്തകയെന്ന് കോടതി വിധി

ന്യൂഡൽഹി: ടെക്‌നോളജി ഭീമന്‍ ഗൂഗിളിന് കനത്ത തിരിച്ചടിയായി കോടതി വിധി. ഇന്റര്‍നെറ്റിലെ പരസ്യത്തില്‍ നിന്നുള്ള വരുമാനം സ്വന്തമാക്കുന്ന കാര്യത്തില്‍, നിയമവിരുദ്ധ കുത്തകയായി തീര്‍ന്നിരിക്കുകയാണ് കമ്പനി എന്നാണ് അമേരിക്കയിലെ വെര്‍ജീനിയയിലെ ഡിസ്ട്രിക്ട് ജഡ്ജ് നിരീക്ഷിച്ചിരിക്കുന്നു. തുടരെ കമ്പനിക്കെതിരെ ലഭിക്കുന്ന രണ്ടാമത്തെ വിധിയാണിത്. ഗൂഗിളിന്റെ സര്‍വ്വവ്യാപിയായ സേര്‍ച്ച് എൻജിൻ നിയമവിരുദ്ധമായി മേല്‍ക്കോയ്മ നിലനിര്‍ത്തുന്നു എന്ന് 2024 ഓഗസ്റ്റിലായിരുന്നു മറ്റൊരു കോടതി കണ്ടെത്തിയത്.

ഇന്റർനെറ്റിലെ പരസ്യത്തിന്റെ വലിയൊരു ഭാഗം സ്വന്തമാക്കി 1.8 ട്രില്യൻ മൂല്യമുള്ള കമ്പനിയായി ഗൂഗിള്‍ വളർന്നു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആദ്യം അധികാരത്തിലിരുന്ന സമയത്താണ് ഗൂഗിളിനെതിരെയുള്ള ഗവണ്‍മെന്റ് നീക്കം ആരംഭിച്ചത്. എതിരാളികളോട് മര്യാദകെട്ട പെരുമാറ്റമായിരുന്നു കമ്പനിയുടേതെന്ന് ജഡ്ജ് ലിയോണി നിരീക്ഷിക്കുന്നു. രണ്ടു വിധികളും ഗവണ്‍മെന്റിന്റെ വിജയമാണെങ്കിലും, ഗൂഗിള്‍ മേല്‍ക്കോടതികളെ സമീപിക്കുമെന്നും, കേസുകള്‍ നീളും എന്നും തന്നെയാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

ഇരു കോടതികളും കമ്പനിക്കെതിരെ സമാനതകളുള്ള കണ്ടെത്തലാണ് നടത്തിയിരിക്കുന്നത്, എന്ന് ജോര്‍ജ് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ നിയമാ വിഭ പ്രൊഫസറും, ഫെഡറല്‍ ട്രേഡ് കമ്മിഷന്‍ (എഫ്ടിസി) മുന്‍ തലവനുമായിരുന്ന വില്ല്യം കോവാസിക് നിരീക്ഷിക്കുന്നു. ഇത് ശരിക്കുമൊരു ഭീഷണിയായി കാണേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *