സ്വർണക്കടത്ത് കേസ്; നടി രന്യ റാവുവിന് 102 കോടി പിഴയിട്ട് ഡിആർഐ

Oplus_16908288

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ നടി രന്യ റാവുവിന് 102 കോടി രൂപ പിഴ ചുമത്തി റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ്. ഹോട്ടൽ വ്യവസായി തരുൺ കൊണ്ടരാജു, ജ്വല്ലറി ഉടമകളായ സഹിൽ സകാരിയ, ഭരത് കുമാർ ജെയിൻ എന്നിവർക്കും പിഴയിട്ടിട്ടുണ്ട്. ഇവർക്ക് 63 കോടി, 56 കോടി രൂപ വീതമാണ് പിഴ.ചൊവ്വാഴ്ച്ച ബെംഗളൂരു സെൻട്രൽ ജയിലിൽ എത്തിയ ഡിആർഐ ഉദ്യോഗസ്ഥർ മൂന്ന് പേർക്കും 250 പേജ് വരുന്ന നോട്ടീസും 2500 പേജുള്ള മറ്റ് രേഖകളും കൈമാറി.മാർച്ച് നാലിനാണ് സ്വർണക്കടത്ത് കേസിൽ നടി രന്യ റാവു അറസ്റ്റിലായത്. ദുബായിൽ നിന്ന് ബെംഗളൂരുവിലേക്ക് സ്വർണം കടത്താനായിരുന്നു ശ്രമം. സ്വർണം ഇവർ ധരിക്കുകയും ശരീരത്തിൽ ഒളിപ്പിക്കുകയും ചെയ്ത‌ിരുന്നു. 14.8 കിലോ ഗ്രാം സ്വർണമാണ് ഇവരിൽ നിന്ന് റവന്യൂ ഇന്റലിജൻസ് വിഭാഗം കണ്ടെടുത്തത്.അറസ്റ്റിലാകുന്നതിന് മുമ്പ് നാല് തവണ നടി ദുബായ് സന്ദർശനം നടത്തിയതോടെ ഡിആർഐയുടെ നിരീക്ഷണത്തിലാകുകയായിരുന്നു. കർണാടകയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെറെ മകളാണെന്ന് പറഞ്ഞ് രന്യ പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും റവന്യൂ ഇൻ്റലിജൻസ് സംഘം വിട്ടുകൊടുത്തില്ല. നടിയെ കസ്റ്റഡിയിലെടുക്കുകയും വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.രന്യയുടെ അറസ്റ്റിന് തൊട്ടുപിന്നാലെയായിരുന്നു സുഹൃത്ത് തരുൺ രാജിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് തരുൺ രാജിൻറെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. കേസിലെ രണ്ടാം പ്രതിയാണ് തരുൺ. കർണാടകയിലെ ഹോട്ടൽ ഉടമയുടെ കൊച്ചുമകനായ തരുണും രന്യയും ആദ്യം സുഹൃത്തുക്കളായിരുന്നു. പിന്നീട് രന്യയുടെ വിവാഹത്തോടെ ഇരുവരും പിരിഞ്ഞെങ്കിലും സ്വർണക്കടത്തിൽ ഇവർ ഒന്നിച്ച് പ്രവർത്തിച്ചിരുന്നതായാണ് പൊലീസ് കണ്ടെത്തിയത്. ഇരുവരും ഒരുമിച്ച് 26 ദുബായ് യാത്രകൾ നടത്തിയിരുന്നതായും ഈ യാത്രകളിലെല്ലാം ഇവർ സ്വർണം കടത്തിയിരുന്നുവെന്നും പൊലീസ് കണ്ടെത്തി.ഇവരുടെ പല യാത്രകളും രാവിലെ ദുബായിലേക്ക് പോയി, വൈകിട്ട് തിരിച്ചുവരുന്ന തരത്തിലായിരുന്നു. ദുബായിൽ നിന്ന് സ്വർണം കടത്തുന്നതിനിടെ രന്യ തരുണുമായി ബന്ധപ്പെട്ടിരുന്നു എന്ന പൊലീസിന്റെ കണ്ടെത്തലാണ് ഇയാളുടെ അറസ്റ്റിലേക്ക് നയിച്ചത്. അറസ്റ്റിന് മുൻപ് തരുൺ രാജ്യംവിടാൻ ശ്രമിച്ചിരുന്നതായും ഡിആർഐ വെളിപ്പെടുത്തിയിരുന്നു.കർണാടക പൊലീസ് ഹൗസിങ് കോർപറേഷൻ ഡിജിപി രാമചന്ദ്രറാവുവിൻ്റെ വളർത്തുമകളാണ് രന്യ. സ്വർണക്കടത്തിന് വളർത്തച്ഛന്റെ പേരും പിടിപാടും രന്യ ഉപയോഗിച്ചിരുന്നതായും ഡിആർഐ കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ പേര് പറഞ്ഞ് ഗ്രീൻചാനൽ വഴിയാണ് സുരക്ഷാ പരിശോധന ഇല്ലാതെ രന്യ വിമാനത്താവളത്തിൽ നിന്ന് പുറത്ത് കടന്നിരുന്നത്. സംഭവത്തിന് പിന്നാലെ രാമചന്ദ്രറാവുവിന് നിർബന്ധിത അവധി നൽകി സർക്കാർ ഉത്തരവിറക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *