ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ വൻതോതിൽ വനഭൂമി കയ്യേറുന്നത് തടയാൻ നടപടി സ്വീകരിക്കാത്ത ഉത്തരാഖണ്ഡ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി.ആയിരക്കണക്കിന് ഏക്കർ വനഭൂമി സ്വകാര്യ വ്യക്തികൾ വ്യവസ്ഥാപിതമായി കൈക്കലാക്കുമ്പോൾ സർക്കാർ നിശബ്ദ കാഴ്ചക്കാരനായി നിൽക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.ഋഷികേശിലെ വനഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതിയുടെ കടുത്ത പരാമർശങ്ങൾ. സർക്കാരും കയ്യേറ്റക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കോടതി പറഞ്ഞു.സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയും ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അന്വേഷണത്തിന് പ്രത്യേക സമിതി കയ്യേറ്റത്തിന്റെ വ്യാപ്തിയെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിക്കും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിനും കോടതി നിർദ്ദേശം നൽകി.2000 മുതൽ 2023 വരെയുള്ള കാലയളവിൽ വനഭൂമി സംരക്ഷിക്കേണ്ട ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ കൈമാറാനും കോടതി ആവശ്യപ്പെട്ടു. ഋഷികേശിൽ ഗാന്ധിയൻ അനുയായി മിറാ ബെനിന് 1950-ൽ അനുവദിച്ച ഭൂമി ഉൾപ്പെടെ വനഭൂമിയായി വിജ്ഞാപനം ചെയ്ത 2,866 ഏക്കർ ഭൂമിയാണ് തട്ടിപ്പിലൂടെ സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയത്.നിലവിൽ ഈ ഭൂമിയിലുള്ള എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും കോടതി തടഞ്ഞു. താമസയോഗ്യമായ വീടുകൾ ഒഴികെയുള്ള ഒഴിഞ്ഞു കിടക്കുന്ന എല്ലാ വനഭൂമിയും വനംവകുപ്പും ജില്ലാ കളക്ടറും ചേർന്ന് ഏറ്റെടുക്കണമെന്നും കോടതി ഉത്തരവിട്ടു. വികസനം പരിസ്ഥിതിയെ തകർത്തുകൊണ്ടാകരുത് എന്നും കോടതി പറഞ്ഞു.
വനഭൂമി കയ്യേറ്റം: ഉത്തരാഖണ്ഡ് സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നു; രൂക്ഷവിമർശനവുമായി സുപ്രീം കോടതി
