കൊച്ചി: രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎ പ്രതിയായ ആദ്യ ബലാത്സംഗ കേസിൽ, ബലാത്സംഗം നിലനിൽക്കില്ലെന്ന കീഴ്‌ക്കോടതിയുടെ പരാമർശം പങ്കുവച്ച് ഹൈക്കോടതിയും. അവിവാഹിതനായ രാഹുൽ വിവാഹിതയുമായി ഉഭയസമ്മതപ്രകാരം ബന്ധപ്പെട്ടതിൽ എന്താണ് തെറ്റെന്ന് കോടതി വാദത്തിനിടെ ചോദിച്ചു. എന്നാൽ ബലപ്രയോഗം നടത്തിയെന്നും ഗർഭഛിദ്രത്തിന് നിർബന്ധിച്ചുവെന്നുമുള്ള യുവതിയുടെ മൊഴി ഗൗരവതരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. യുവതിയുടെ മൊഴി പ്രകാരമുള്ള കുറ്റകൃത്യത്തിന് ശേഷം, യുവതി രണ്ടു ദിവസം രാഹുലിനൊപ്പം പാലക്കാട് താമസിച്ചിരുന്നല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി. രാഹുലിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന പ്രോസിക്യൂഷൻ വാദത്തോട് കോടതി യോജിച്ചില്ല. രാഹുലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി.അതേസമയം, മൂന്നാം ബലാത്സംഗ കേസിൽ പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചതോടെ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ നിന്നു പുറത്തിറങ്ങി. മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലായിട്ട് രണ്ടാഴ്ച പിന്നിടുമ്പോഴാണ് ജാമ്യം. പത്തനംതിട്ട സ്വദേശിയായ യുവതിയാണ് രാഹുലിനെതിരെ പരാതി നൽകിയത്. ബലാത്സംഗം, ഗര്‍ഭച്ഛിദ്രം, സാമ്പത്തിക ചൂഷണം എന്നിവയുള്‍പ്പെടെ ഗുരുതര പരാതികളാണ് രാഹുലിനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. എസ്‌പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാഹുലിനെതിരായ പരാതി അന്വേഷിക്കുന്നത്. ആദ്യ ലൈംഗികപീഡന കേസിൽ രാഹുലിന്റെ അറസ്റ്റ് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്നത് അടക്കമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം. എന്നാൽ, മൂന്നാം ബലാത്സംഗ കേസിൽ രാഹുലിന് ജാമ്യം നിഷേധിച്ചതോടെ ജയിലിൽ ആവുകയായിരുന്നു.
രാഹുൽ മാങ്കുട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസ്; ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തിൽ എന്താണ് തെറ്റെന്ന് ഹൈക്കോടതി
