ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്ലാത്ത കെട്ടുകണക്കിന് പണം കണ്ടെത്തി. ജഡ്ജിയുടെ വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്സ് അംഗങ്ങളാണ് പണം കണ്ടെത്തിയത്. തുടര്‍ന്ന് യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി കൊളീജിയത്തിന് നിര്‍ദേശം നല്കി.
തീപിടിത്തമുണ്ടായപ്പോള്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ സ്ഥലത്തുണ്ടായിരുന്നില്ല. ഇദ്ദേഹത്തിന്റെ കുടുംബം അഗ്നിരക്ഷാ സേനയെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. തീയണച്ചതിന് ശേഷമാണ് മുറിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്. തുടര്‍ന്ന് ലോക്കല്‍ പൊലീസ് ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ കേന്ദ്ര സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ വിവരം അറിയിക്കുകയും അദ്ദേഹം കൊളീജിയം യോഗം വിളിക്കുകയുമായിരുന്നു.