ഇരിങ്ങാലക്കുട: ഭർതൃവീട്ടുകാരെടുത്ത് ഉപയോഗിച്ച നൂറുപവൻ സ്വർണാഭരണങ്ങളുടെ വിപണിവില കിട്ടാൻ ഭാര്യക്ക് അവകാശമുണ്ടെന്ന് ഇരിങ്ങാലക്കുട കുടുംബകോടതി വിധി. ഭർത്താവും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നായിരുന്നു പരാതി. തനിക്ക് വിവാഹസമ്മാനമായി ലഭിച്ച സ്വർണാഭരണങ്ങളും ഗൃഹോപകരണങ്ങളും തിരികെ നൽകിയില്ലെന്നും ചെലവിന് നൽകുന്നില്ലെന്നും പരാതിയിൽ വ്യക്തമാക്കി. കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി പാളയംകോട്ട് മുഹമ്മദ് ബഷീറിന്റെ മകൾ ഷൈൻ മോൾ നൽകിയ ഹർജിയിലാണ് വിധി.2007 ഒക്ടോബറിലാണ് ഷൈൻ മോളും കാളത്തോട് പാളയംകോട്ട് ബഷീറിന്റെ മകൻ ബോസ്‌കിയും വിവാഹിതരായത്. 2010-ൽ മകൾ ജനിക്കുകയും 2022-ൽ ഷൈൻ മോൾ വിവാഹമോചിതയാകുകയും ചെയ്തു. തനിക്ക് ലഭിച്ച സ്വർണവും പണവും ഗൃഹോപകരണങ്ങളും ദുരുപയോഗം ചെയ്‌തെന്നും തനിക്കും മകൾക്കും ചെലവിന് നൽകുന്നില്ലെന്നും കാണിച്ചാണ് ഷൈൻ മോൾ കുടുംബകോടതിയെ സമീപിച്ചത്. വിശദ വാദം കേട്ട കോടതി ആഭരണങ്ങൾ തിരികെ നൽകാനും ഷൈൻ മോൾക്കും കുട്ടിക്കും 2014 മുതൽ മുൻകാല പ്രാബല്യത്തോടെ 12.80 ലക്ഷം രൂപ നൽകാനും വിധിച്ചു.
ഭർത്യവീട്ടുകാർ കൈപ്പറ്റിയ എട്ടുലക്ഷം രൂപയും ഗൃഹോപകരണങ്ങളും തിരികെ നൽകാനും കുടുംബകോടതി ജഡ്ജ് റെനോ ഫ്രാൻസീസ് സേവ്യർ ഉത്തരവിട്ടു.ആഭരണങ്ങളോ പണമോ കൈവശമില്ലെന്നും ഭാര്യ പുനർവിവാഹം കഴിച്ചെന്നും അതിനാൽ ചെലവ് ലഭിക്കാൻ അർഹതയില്ലെന്നും ഭർത്താവും മാതാപിതാക്കളും വാദിച്ചു. പുനർവിവാഹം കഴിക്കുന്നതുവരെ ഭർത്താവിൽനിന്ന് ചെലവിന് അർഹതയുണ്ടെന്ന് കോടതി വിലയിരുത്തി. 100 പവൻ സ്വർണാഭരണങ്ങളുടെ തത്‌സമയത്തെ മാർക്കറ്റ് വില ലഭിക്കാൻ ഭാര്യയ്ക്ക് അർഹതയുണ്ടെന്നും കോടതി പ്രഖ്യാപിച്ചു. ഹർജിക്കാരിക്കുവേണ്ടി അഡ്വക്കെറ്റുമാരായ പി.വി. ഗോപകുമാർ (മാമ്പുഴ), കെ.എം. അബ്ദുൾ ഷുക്കൂർ, കെ.എം. കാവ്യ, എ. പയസ് ജോസഫ് എന്നിവർ ഹാജരായി.