അത്യധികം അസ്വസ്ഥതയുണ്ടാക്കുന്നത്’; ശിൽപാ ഷെട്ടിയുടെ AI നിർമിത ചിത്രങ്ങൾ നീക്കംചെയ്യണമെന്ന് കോടതി

ബോളിവുഡ് താരം ശിൽപാ ഷെട്ടിയുടെ എഐ നിർമിത മോർഫ് ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽനിന്ന് നീക്കം ചെയ്യണമെന്ന് ബോംബെ ഹൈക്കോടതി. തൻ്റെ വ്യക്തിത്വ അവകാശങ്ങൾ ദുരുപയോഗം ചെയ്തെന്ന കേസിൽ നടി ശിൽപാ ഷെട്ടി സമർപ്പിച്ച ഹർജിയിൽ വിധി പറയുകയായിരുന്നു കോടതി. ചിത്രങ്ങൾ വളരെയധികം ഞെട്ടിക്കുന്നതും അസ്വസ്ഥതയുണ്ടാക്കുന്നതുമാണെന്ന് കോടതി നിരീക്ഷിച്ചു.തൻ്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കാനും മോർഫ് ചെയ്തതും മാറ്റം വരുത്തിയതുമായ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകൾക്കെതിരെയും എഐ നിർമ്മിത ഉള്ളടക്കത്തിനെതിരെയും ഉത്തരവ് പുറപ്പെടുവിക്കാനും ആവശ്യപ്പെട്ടാണ് ശിൽപ കോടതിയെ സമീപിച്ചത്. ജസ്റ്റിസ് അദ്വൈത് സേത്നയുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിവിധ സൈറ്റുകളിൽ അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ പ്രഥമ ദൃഷ്ട്യാ വളരെയധികം ഞെട്ടിക്കുന്നവയാണ് എന്ന് അദ്ദേഹം ഉത്തരവിൽ നിരീക്ഷിച്ചു.സ്വകാര്യതയെ ബാധിക്കുന്ന തരത്തിൽ ഒരു വ്യക്തിയെയോ സ്ത്രീയെയോ അവരുടെ അറിവോ സമ്മതമോ കൂടാതെ ചിത്രീകരിക്കാൻ പാടില്ല എന്ന് ഉത്തരവിൽ പറയുന്നു. ചിത്രങ്ങൾ അനുചിതവും സ്വീകാര്യമല്ലാത്തതുമാണെന്നും അത്തരം ചിത്രങ്ങൾ ശിൽപയുടെ പ്രതിച്ഛായയെയും കീർത്തിയെയും കളങ്കപ്പെടുത്തുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.അനുവാദമില്ലാതെ തൻ്റെ ശബ്ദവും ശരീരഭാഷയും ക്ലോൺ ചെയ്യാൻ എഐ ടൂളുകൾ ഉപയോഗിച്ചെന്നും അതുപയോഗിച്ച് മോർഫ് ചെയ്ത ചിത്രങ്ങൾ, പുസ്തകങ്ങൾ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ നിർമിച്ചെന്നും ശില്പ ആരോപിച്ചിരുന്നു. ഇത്തരം ഉള്ളടക്കം വഹിക്കുന്ന എല്ലാ വെബ്സൈറ്റുകൾക്കുമെതിരെയും, തൻ്റെ പേര്, ശബ്ദം, ചിത്രം എന്നിവ അനുവാദമില്ലാതെ ഉപയോഗിക്കുന്നതിൽ നിന്ന് അവരെ വിലക്കാനും നടി കോടതിയെ സമീപിക്കുകയായിരുന്നു.2023-ൽ പുറത്തിറങ്ങിയ ‘സുഖി’ എന്ന ചിത്രത്തിലാണ് ശിൽപ ഒടുവിൽ ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. 2026-ൽ, കന്നഡ പാൻ-ഇന്ത്യൻ ചിത്രമായ ‘കേഡി: ദി ഡെവിൾ’ എന്ന ചിത്രത്തിലൂടെ നടി തിരിച്ചെത്തും. ധ്രുവ സർജ നായകനാകുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, രേഷ്മ നാനയ്യ, ജിഷു സെൻഗുപ്ത, നോറ ഫത്തേഹി എന്നിവരും അഭിനയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *