ഇൻഡിഗോയ്ക്ക് ഇളവ്: ഡിജിസിഎയ്ക്ക് ഹൈക്കോടതി നോട്ടീസ്

ചെന്നൈ : പൈലറ്റുമാർക്ക് മതിയായ വിശ്രമം ഉറപ്പാക്കുന്നതിനുള്ള ഡ്യൂട്ടി ചട്ടം നടപ്പാക്കുന്നതിൽ ഇൻഡിഗോ എയർലൈൻസിന് നൽകിയ ഇളവ് തുടരുമോയെന്ന്‌ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡിജിസിഎ) മദ്രാസ് ഹൈക്കോടതി നോട്ടീസയച്ചു. ഇൻഡിഗോയ്ക്ക് ഇളവുനൽകിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് നോട്ടീസ്.പൈലറ്റുമാർക്ക് വിശ്രമം ഉറപ്പാക്കുന്ന പുതിയ ഡ്യൂട്ടി ചട്ടം നടപ്പാക്കിയതോടെ ഡിസംബർ ആദ്യവാരം ഇൻഡിഗോ എയർലൈൻസിന്റെ വിമാനസർവീസുകൾ താളംതെറ്റിയിരുന്നു. ഇതേത്തുടർന്ന് ഡ്യൂട്ടി ചട്ടം നടപ്പാക്കുന്നതിൽ ഇൻഡിഗോയ്ക്ക് ഡിജിസിഎ താത്കാലികമായി ഇളവുനൽകി. വ്യോമയാന സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടിയിൽ ഇളവ് അനുവദിക്കാൻ ഡിജിസിഎയ്ക്ക് അധികാരമില്ലെന്നുകാണിച്ച് ചെന്നൈ സ്വദേശിയായ വൈ.ആർ. രാജവേണിയാണ് ഹൈക്കോടതിയെ സമീപിച്ചത്.പുതിയ ഡ്യൂട്ടി ചട്ടത്തിലെ വ്യവസ്ഥകൾ ഉടൻ നടപ്പാക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് ബോധ്യമായതിനെത്തുടർന്നാണ് ഇൻഡിഗോയ്ക്ക് ഇളവ് അനുവദിച്ചതെന്ന് ഡിജിസിഎയ്ക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ കോടതിയെ അറിയിച്ചു. ഇൻഡിഗോയ്ക്കുള്ള ഇളവ്‌ സ്റ്റേചെയ്യണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും എയർലൈൻസിന് പറയാനുള്ളതുകൂടി കേട്ടതിനുശേഷമേ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവൂ എന്ന് ജസ്റ്റിസ് വി. ലക്ഷ്മീനാരായണൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *