ന്യൂഡൽഹി: ഹിന്ദു ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് ആരെയും വിലക്കരുതെന്നും എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്നതാണ് ഹിന്ദു മതത്തിന്റെ സത്തയെന്നും സുപ്രീംകോടതി ജസ്റ്റിസ് ബി വി നാഗരത്ന. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിശാല ബെഞ്ചിലെ വാദത്തിനിടെയാണ് ജസ്റ്റിസ് നാഗരത്നയുടെ നിർണ്ണായക നിരീക്ഷണം.എന്നാൽ, തന്റെ പരാമർശം ശബരിമല ക്ഷേത്രത്തിന്റെ പ്രത്യേക പശ്ചാത്തലത്തിൽ ഉള്ളതല്ലെന്നും അവർ കൂട്ടിച്ചേർത്തു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന ഒൻപതംഗ ഭരണഘടനാ ബെഞ്ചിലാണ് വാദപ്രതിവാദങ്ങൾ നടക്കുന്നത്.ക്ഷേത്രങ്ങളിൽ ആര് പ്രവേശിക്കണമെന്ന് തീരുമാനിക്കാൻ ആ വിഭാഗത്തിനാണ് അവകാശമെന്ന് എൻഎസ്എസ് ഉൾപ്പെടെയുള്ള കക്ഷികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി എസ് വൈദ്യനാഥൻ വാദിച്ചു. ഇതിന് മറുപടിയായാണ് ക്ഷേത്രപ്രവേശനം തടയരുതെന്ന് ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കിയത്.ക്ഷേത്രപ്രവേശനത്തിനുള്ള അവകാശം നിലനിൽക്കുമ്പോൾ തന്നെ അവിടത്തെ ആചാരങ്ങൾ പാലിക്കാൻ വിശ്വാസികൾ ബാധ്യസ്ഥരാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ പുരുഷന്മാർ ഷർട്ട് ധരിക്കാൻ പാടില്ലെന്ന ആചാരമുണ്ട്.അവിടെ ഉടുപ്പ് ധരിച്ച് കയറണമെന്ന് ആർക്കും വാശിപിടിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സിഖ് ഗുരുദ്വാരകളിൽ പ്രവേശിക്കുന്നവർ മുടി മറയ്ക്കണമെന്ന നിബന്ധന പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ശബരിമല കേസിൽ കേന്ദ്ര സർക്കാരിന്റെയും എൻഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകളുടെയും വാദം പൂർത്തിയായി.ശബരിമല തന്ത്രി കണ്ഠരര് രാജീവര്, തിരുവിതാംകൂർ ദേവസ്വം ബോർഡ് എന്നിവരുടെ വാദങ്ങൾ വരും ദിവസങ്ങളിൽ നടക്കും. ചൊവ്വാഴ്ചയാണ് തന്ത്രിയുടെയും ബോർഡിന്റെയും വാദം കേൾക്കുക. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് നിലവിൽ കേസ് പരിഗണിക്കുന്നത്.
ക്ഷേത്രപ്രവേശനത്തിൽ ആരെയും വിലക്കരുത്: സുപ്രീംകോടതിയിൽ ജസ്റ്റിസ് നാഗരത്ന
