പാല്‍ക്കുളം മേട്ടിലെ എക്കോ ടൂറിസം ഹൈക്കോടതി തടഞ്ഞു

കൊച്ചി: മൂന്നാര്‍ നഗരമ്പാറ റേഞ്ചിലെ പാല്‍ക്കുളം മേട്ടിലെ എക്കോ ടൂറിസം പദ്ധതി ഹൈക്കോടതി തടഞ്ഞു. പരിസ്ഥിതി അനുമതി അടക്കം ഒരനുമതിയും നേടാതെ പദ്ധതി ഉദ്ഘാടനം ചെയ്തത് ചൂണ്ടിക്കാട്ടി പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ എം.എന്‍. ജയചന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍, ജസ്റ്റിസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.പാല്‍ക്കുളം മേട്ടിലെ റിസര്‍വ്വ് വനത്തില്‍ എക്കോ ടൂറിസം നടത്താന്‍ ഒരനുമതിയും ലഭിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. റിസര്‍വ്വ് വനത്തിലെ ട്രക്കിങ്ങ് അടക്കമുള്ള ടൂറിസത്തിന് എതിരെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നടപടി എടുക്കണം. കേന്ദ്രത്തിന്റെയടക്കം അനുമതി നേടിയോ മറ്റു നിബന്ധനകള്‍ പാലിച്ചോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിച്ച് സത്യവാങ്ങ്മൂലം നല്‍കാന്‍ ഹൈക്കോടതി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററോടും നിര്‍ദേശിച്ചു. കൃത്യമായ അനുമതികളില്ലെങ്കില്‍ പദ്ധതി നടപ്പാക്കുന്നില്ലെന്ന് കണ്‍സര്‍വേറ്റര്‍ ഉറപ്പാക്കണം. സംസ്ഥാന സര്‍ക്കാരും മൂന്നാഴ്ചക്കകം സത്യവാങ്ങ്മൂലം നല്‍കണം, കോടതി വ്യക്തമാക്കി.മന്ത്രി റോഷി അഗസ്റ്റിനാണ് ഒരനുമതിയും ഇല്ലാത്ത പാല്‍ക്കുളം മേട് എക്കോ ടൂറിസം പദ്ധതി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വന്തം മണ്ഡലത്തില്‍ കഞ്ഞിക്കുഴി പഞ്ചായത്ത് നടപ്പാക്കുന്ന തട്ടിക്കൂട്ട് പദ്ധതിക്ക് മന്ത്രി തന്നെ പച്ചക്കൊടി കാട്ടിയത് വോട്ട് ലക്ഷ്യമിട്ടാണ്.

Leave a Reply

Your email address will not be published. Required fields are marked *