‘എന്തേ നഖം മുറിക്കാത്തത്’ എന്ന് സ്ത്രീയോട് ചോദിച്ചതിനെ സ്ത്രീത്വത്തെ അപമാനിച്ചതായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി.ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ സ്ത്രീ മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർക്കെതിരെ നല്‍കിയ പരാതിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. യുവതിയുടെ പരാതിയില്‍ മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർക്കെതിരെ ചുമത്തിയ കേസുകള്‍ റദ്ദാക്കാനും ജസ്റ്റിസ് ജി. ഗിരീഷ് ഉത്തരവിട്ടു.നെടുമങ്ങാട് മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർ എം. അനസ് മുഹമ്മദിനെതിരെയാണ് യുവതി പരാതി നല്‍കിയത്. ഡ്രൈവിങ് ടെസ്റ്റിനെത്തിയ സ്ത്രീയോട് ‘എന്തേ നഖം മുറിക്കാത്തത്’ എന്ന് ചോദിച്ചതിന് സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാല്‍, അനസ് മുഹമ്മദിനെതിരെ പൊലീസ് രജിസ്റ്റർചെയ്ത കേസും നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിലെ തുടർനടപടികളും റദ്ദാക്കാൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.2022 ഒക്ടോബർ 14-നാണ് കേസിനാസ്പദമായ സംഭവം. കാറില്‍ റോഡ് ടെസ്റ്റ് നടത്തുന്നതിനിടെയാണ് നഖം നീട്ടിവളർത്തിയിരിക്കുന്നതുകണ്ട് എന്താണ് നഖം മുറിക്കാത്തതെന്ന് എംവിഐ ചോദിച്ചത്. സ്ത്രീകള്‍ പലരും കുളിക്കാതെയും പല്ലുതേക്കാതെയും നഖംവെട്ടാതെയും ടെസ്റ്റിന് വരുന്നുണ്ടെന്ന് എംവിഐ പറഞ്ഞെന്നും കാട്ടിയാണ് യുവതി പരാതി നല്‍കിയത്. വിടുതല്‍ ഹർജി വിചാരണക്കോടതി തള്ളിയതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.പരാതിക്കാരി ആരോപിക്കുന്ന പരാമർശങ്ങള്‍ ലൈംഗികച്ചുവയുള്ളതല്ലെന്നാണ് ഹൈക്കോടതി വിലയിരുത്തിയത്. ഓടുന്ന വാഹനത്തില്‍ നടന്ന സംഭവം പൊതുസ്ഥലത്തെ അശ്ലീലപ്രയോഗമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. സാന്ദർഭികമായി ഉപയോഗിച്ച വാക്കുകള്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റമാകില്ലെന്നും ജസ്റ്റിസ് ജി. ഗിരീഷ് തന്റെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ യുവതിയോട് ‘എന്തേ നഖം മുറിക്കാത്തത്’ എന്ന് ചോദിച്ചു; മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടര്‍ക്കെതിരായ കേസുകള്‍ റദ്ദാക്കാൻ ഉത്തരവിട്ട് ഹൈക്കോടതി
