വഖഫ് നിയമം സ്റ്റേ ചെയ്യരുത്; കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡൽഹി: വഖഫ് നിയമഭേദഗതി മതസ്വാതന്ത്ര്യത്തിന്‍റെ ലംഘനമല്ലെന്ന വാദവുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പാര്‍ലമെന്‍റ് പാസാക്കിയ നിയമം ഭാഗികമായി സ്റ്റേ ചെയ്യുന്നത് ശരിയല്ല. വഖഫ് കൗണ്‍സിലുകളിലും ബോര്‍ഡുകളിലും മുസ്‌ലിംകള്‍ ന്യൂനപക്ഷമാകില്ല. വഖഫ് കൗണ്‍സില്‍ മതപരമായ സമിതിയല്ലെന്നും പ്രാഥമിക സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിസുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിലെ നിര്‍ദേശങ്ങളെ പൂര്‍ണമായി എതിര്‍ത്തുകൊണ്ടുള്ള സത്യവാങ്മൂലമാണ് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ചത്. വഖഫ് നിയമഭേദഗതിയിലെ വ്യവസ്ഥകളൊന്നും മതസ്വാതന്ത്ര്യത്തിന്‍റെ ലംഘനമല്ല. വഖഫ് ബൈ യൂസര്‍ ഒഴിവാക്കിയത് നിലവിലെ സ്വത്തിനെ ബാധിക്കില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭൂമിക്ക് രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടില്ല. 2025 ഏപ്രില്‍ എട്ടിന് മുന്‍പ് റജിസ്റ്റര്‍ ചെയ്തതായിരിക്കണം എന്നുമാത്രമാണ് നിബന്ധന. വഖഫ് കൗണ്‍സിലിലും ബോര്‍ഡുകളിലും മുസ്‌ലിംകള്‍ ന്യൂനപക്ഷമാകുമെന്ന ആശങ്കയും അസ്ഥാനത്താണ്. വഖഫ് കൗണ്‍സിലില്‍ പരമാവധി അമുസ്‌ലിംകളുടെ എണ്ണം നാലായിരിക്കും.

വഖഫ് ബോര്‍ഡില്‍ പരമാവധി മൂന്ന് മുസ്‍ലിം ഇതര അംഗങ്ങളെ ഉണ്ടാകും. മുസ്ലിം ഇതര വിഭാഗക്കാരെ വഖഫ് ബോര്‍ഡിലും കൗണ്‍സിലിലും ഉള്‍പ്പെടുത്തുന്നതിനെയും കേന്ദ്രം ന്യായീകരിക്കുന്നു. ഇതരമതസ്ഥരുടെ ഭൂമിയിലും വഖഫ് ബോര്‍ഡ് അവകാശം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ഈ വ്യവസ്ഥ കൊണ്ടുവന്നത്. ഹിന്ദുമത സ്ഥാപനങ്ങളില്‍ മുസ്‌ലിംകളെ നിയമിക്കുമോ എന്ന് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദുമതസ്ഥാപനങ്ങള്‍ ഇല്ലെന്നും അത്തരം സംസ്ഥാനങ്ങളില്‍ ട്രസ്റ്റുകള്‍ക്കുള്ള പൊതുനിയമമാണ് ബാധകമാകുന്നതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഹര്‍ജിക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സര്‍ക്കാര്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *