നായകളും പൂച്ചകളും ശത്രുക്കള്‍, പൂച്ചകളെ പ്രോത്സാഹിപ്പിക്കണം’; മൃഗസ്നേഹികളെ വീണ്ടും പരിഹസിച്ച് സുപ്രീംകോടതി

ദില്ലി: തെരുവുനായ വിഷയത്തിൽ ഇന്നും വാദം തുടരവേ മൃഗസ്നേഹികളെ വീണ്ടും പരിഹസിച്ച് സുപ്രീം കോടതി. നായ്ക്കളും പൂച്ചകളും ശത്രുക്കളാണെന്നും അതിനാൽ നമ്മൾ കൂടുതൽ പൂച്ചകളെ പ്രോത്സാഹിപ്പിക്കണമെന്നും അതായിരിക്കും പരിഹാരമെന്നും ആയിരുന്നു ജസ്റ്റിസ് സന്ദീപ് മേത്തയുടെ വാക്കുകൾ. ഇന്നലെയും മൃഗസ്നേഹികളെ സുപ്രീം കോടതി പരിഹസിച്ചിരുന്നു. നായകളെ തെരുവിൽ നിന്ന് നീക്കം ചെയ്താൽ എലികളുടെ എണ്ണം കൂടുമെന്നും മൃഗ സ്നേഹികൾ പറഞ്ഞു. എലികൾ രോഗവാഹകരാണെന്നും നായകൾ സന്തുലിതാവസ്ഥ നിലനിർത്തുന്നു എന്നുമായിരുന്നു മറ്റൊരു വാദം. മൃഗസ്നേഹികളുടെ വാദങ്ങളാണ് ഇന്നും പ്രധാനമായും നടന്നത്. എബിസി കേന്ദ്രങ്ങൾ നടപ്പിലാക്കാൻ ബജറ്റിൽ തുകവകയിരുത്തിയിട്ടില്ലെന്ന് മൃഗസ്‌നേഹികൾ ചൂണ്ടിക്കാട്ടി. എല്ലാജില്ലയിലും എബിസി കേന്ദ്രങ്ങൾ നടപ്പിലാക്കാൻ 1600 കോടി രൂപ വേണ്ടിവരും. 5 വകുപ്പുകളുടെഏകോപനവും വേണം. നായ്ക്കളെ നീക്കം ചെയ്യുന്നത് അപ്രതീക്ഷിത പ്രത്യാഘാതങ്ങൾ ഉണ്ടാക്കാമെന്ന് മൃഗസ്നേഹികള്‍ വാദിച്ചു. ശരിയായി നടപ്പാക്കിയാൽ എബിസി ചട്ടങ്ങള്‍ നിയമങ്ങൾ ഫലപ്രദമാണെന്നും വാദത്തിൽ ഉന്നയിച്ചു. തെരുവുനായ്ക്കള്‍ക്ക് മൈക്രോ ചിപ്പ് പിടിപ്പിക്കണമെന്ന് മൃഗസ്‌നേഹികൾ നിർദേശിച്ചു. വലിയ ചെലവ് ഇല്ലാത്ത നടപടിയാണ് മൈക്രോചിപ്പ് പിടിപ്പിക്കൽ. എന്നാൽ വളര്‍ത്തുനായ്ക്കള്‍ക്കാണ് മെക്രോചിപ്പ് ഘടിപ്പിക്കുന്നതെന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *