തൊണ്ടിമുതൽ കേസിൽ ശിക്ഷ നടപ്പാക്കുന്നത് തടയരുതെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്ന കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീലിനെ എതിര്‍ത്ത് പ്രോസിക്യൂഷന്‍. വാദത്തിനിടെ ഹൈക്കോടതി ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കാണ് പ്രോസിക്യൂഷന്‍ മറുപടി നല്‍കിയത്. കോടതിയുടെ അനുമതിയില്ലാതെ അനധികൃതമായാണ് ഒന്നാംപ്രതിയില്‍ നിന്ന് ആന്റണി രാജു തൊണ്ടിമുതല്‍ കൈപ്പറ്റിയത്. തൊണ്ടിമുതല്‍ കൈമാറാന്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നില്ല. ആന്റണി രാജുവിന്റെ കൈവശമിരുന്നപ്പോഴാണ് തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയത്. ഇതിനെ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്നും വഞ്ചിയൂര്‍ പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.അക്കാലയളവില്‍ എന്തൊക്കെ ചെയ്തുവെന്ന് പ്രതിക്ക് മാത്രം അറിവുള്ള കാര്യമാണ്. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെത്തന്നെ ബാധിക്കുന്ന കുറ്റകൃത്യമാണിത്. തൊണ്ടിമുതലില്‍ കൃത്രിമത്വം നടന്നുവെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിയിക്കപ്പെട്ടുവെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി.തെരഞ്ഞെടുപ്പിലെ മത്സരം ആന്റണി രാജുവിന്റെ രാഷ്ട്രീയ ആവശ്യമാണ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സാഹചര്യങ്ങളില്‍ മാത്രമേ ശിക്ഷാവിധി മരവിപ്പിക്കാനാവൂ. ഈ കേസിലെ പ്രതി അത്തരം ഇളവുകള്‍ അര്‍ഹിക്കുന്നില്ലെന്നുമാണ് പോസിക്യൂഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ മറുപടി. ആന്റണി രാജുവിന്റെ അപ്പീല്‍ നാളെ പരിഗണിക്കാനിരിക്കെയാണ് പ്രോസിക്യൂഷന്റെ മറുപടി സത്യവാങ്മൂലം.

Leave a Reply

Your email address will not be published. Required fields are marked *