സ്ത്രീ കരഞ്ഞതുകൊണ്ട് മാത്രം സ്ത്രീധന പീഡനമാണെന്ന് പറയാനാവില്ല: ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: സ്ത്രീ കരഞ്ഞതു കൊണ്ട് മാത്രം സ്ത്രീധന പീഡനമാണെന്ന് പറയാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. ക്രൂരത, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങളിൽ നിന്ന് ഭർത്താവിനേയും കുടുംബത്തേയും ഒഴിവാക്കുന്നതിനെതിരായി യുവതിയുടെ കുടുംബം സമർപ്പിച്ച ഹരജി തള്ളിക്കൊണ്ടായിരുന്നു ജസ്റ്റിസ് നീന ബൻസാൽ കൃഷ്‌ണയുടെ നിരീക്ഷണം.2010ൽ വിവാഹിതയായ സ്ത്രീ ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും സ്ത്രീധന പീഡനം നേരിട്ടുവെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. രണ്ട് പെൺമക്കളുടെ അമ്മയായ സ്ത്രീ 2014 മാർച്ച് 31ന് മരിക്കുകയും ചെയ്തു. വിവാഹത്തിനായി ഏകദേശം നാല് ലക്ഷം രൂപ ചെലവഴിച്ചുവെന്നാണ് സ്ത്രീയുടെ കുടുംബം പറയുന്നത്. പിന്നീട് ഭർത്താവും അമ്മായിയച്ഛനും മോട്ടോർ സൈക്കിൾ, പണം, സ്വർണ ബ്രേസ് ലെറ്റ് എന്നിവ ആവശ്യപ്പെട്ടുവെന്നും യുവതിയുടെ കുടുംബം ആരോപിച്ചു.ഹോളി ദിനത്തിൽ തൻ്റെ സഹോദരിയെ വിളിച്ചപ്പോൾ കരയുകയായിരുന്നുവെന്ന് മരിച്ച സ്ത്രീയുടെ സഹോദരിയുടെ രഹസ്യ മൊഴി നൽകിയിരുന്നു. എന്നാൽ കരഞ്ഞതുകൊണ്ടു മാത്രം സ്ത്രീധന പീഡനത്തിന് കേസെടുക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ന്യുമോണിയ മൂലമാണ് മരണം സംഭവിച്ചതെന്ന് പറഞ്ഞുകൊണ്ട് കുറ്റം ആരോപിക്കപ്പെട്ട ഭർത്താവിനെ വിചാരണ കോടതി കുറ്റവിമുക്തനാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും മരണ കാരണം ന്യുമോണിയ ആണെന്നാണ് പറഞ്ഞിട്ടുള്ളതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.സ്ത്രീയുടെ മരണം ഭർത്താവിന്റെ ക്രൂരതയോ ഗാർഹിക പീഡനവുമാണെന്ന് തെളിയിക്കുന്ന തെളിവുകൾ ഇല്ലെന്നും കോടതി പറഞ്ഞു. പ്രതിക്ക് പണം നൽകിയതിന് തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *