ദുബായ്: ന്യൂഡൽഹി- വീസ, കോൺസുലാർ സേവന രംഗത്തെ പ്രമുഖരായ ബിഎൽഎസ് ഇന്റർനാഷനൽ സർവീസസ് ലിമിറ്റഡിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്ക് ഡൽഹി ഹൈക്കോടതി നീക്കി. രണ്ടു വർഷത്തേക്ക് മന്ത്രാലയത്തിന്റെ ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് കമ്പനിയെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് കോടതി റദ്ദാക്കി. ഇതോടെ വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ മിഷനുകളുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും പുതിയ കരാറുകളിൽ പങ്കെടുക്കാൻ കമ്പനിക്ക് വീണ്ടും യോഗ്യത ലഭിച്ചു. കഴിഞ്ഞ ഒക്ടോബർ 11നാണ് വിദേശകാര്യ മന്ത്രാലയം ബിഎൽഎസിനെ കരിമ്പട്ടികയിൽ പെടുത്തിയത്. ഇതിനെതിരെ കമ്പനി സമർപ്പിച്ച റിട്ട് ഹർജിയിലാണ് അനുകൂല വിധി വന്നത്. കോടതി വിധി പുറത്തുവന്നതിന് പിന്നാലെ കമ്പനിയുടെ ഓഹരി മൂല്യത്തിലും വലിയ മുന്നേറ്റമുണ്ടായി. 2011 മുതൽ യുഎഇയിൽ ഇന്ത്യൻ മിഷനുകൾക്കായി വീസ, പാസ്‌പോർട്ട് സേവനങ്ങൾ നൽകിവരുന്നത് ബിഎൽഎസ് ആണ്. 2005-ൽ പ്രവർത്തനം ആരംഭിച്ച കമ്പനി നിലവിൽ 64 രാജ്യങ്ങളിലായി 50,000ത്തിലേറെ കേന്ദ്രങ്ങൾ വഴി സേവനം നൽകുന്നുണ്ട്. 46ഓളം ഗവൺമെന്റ് ക്ലയന്റുകളുമായി സഹകരിക്കുന്ന ബിഎൽഎസ്, വീസ ഔട്ട്‌സോഴ്‌സിങ് രംഗത്തെ ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്ന് കമ്പനികളിൽ ഒന്നാണ്. മന്ത്രാലയത്തിന്റെ വിലക്ക് നീങ്ങിയത് കമ്പനിയുടെ ആഗോള പ്രവർത്തനങ്ങൾക്ക് വലിയ കരുത്താകും.
ബിഎൽഎസ് ഇന്റർനാഷണലിനെതിരായ കേന്ദ്രത്തിന്റെ വിലക്ക് നീക്കി ഡൽഹി ഹൈക്കോടതി
