ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ വായുമലിനീകരണം തടയുന്നതിൽ കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് പരാജയപ്പെട്ടുവെന്ന് സുപ്രീം കോടതി. മലിനീകരണത്തിന്റെ കാരണങ്ങൾ കൃത്യമായി കണ്ടെത്താനോ കർശന നടപടികൾ സ്വീകരിക്കാനോ കമ്മീഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.വായുനിലവാരം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ, രണ്ടാഴ്ചയ്ക്കകം വിദഗ്ധ റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.മലിനീകരണത്തിന് കാരണമാകുന്ന ഘടകങ്ങൾ തിരിച്ചറിയാൻ ഇതുവരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. പൊതുജനങ്ങളും വിദഗ്ധരും നിരവധി നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിട്ടും അധികൃതർ ഉറക്കം നടിക്കുകയാണെന്ന് കോടതി പറഞ്ഞു.മലിനീകരണ നിയന്ത്രണ നടപടികൾ നടപ്പിലാക്കാൻ രണ്ട് മാസത്തെ സമയം വേണമെന്ന കമ്മീഷന്റെ ആവശ്യം കോടതി തള്ളി. നഗര അതിർത്തികളിലെ ഒൻപത് ടോൾ പ്ലാസകൾ താൽക്കാലികമായി അടച്ചുപൂട്ടുന്നതിനെക്കുറിച്ചോ മാറ്റുന്നതിനെക്കുറിച്ചോ ആലോചിക്കാൻ നേരത്തെ കോടതി നിർദ്ദേശിച്ചിരുന്നു.ഭാരമേറിയ വാഹനങ്ങൾ മലിനീകരണത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും ഇത് എങ്ങനെ പരിഹരിക്കാമെന്നതിനെക്കുറിച്ച് വ്യക്തമായ പ്ലാൻ വേണമെന്നും കോടതി ആവശ്യപ്പെട്ടു.ഡൽഹിയിലെ ശരാശരി വായുനിലവാര സൂചിക ചൊവ്വാഴ്ചയും 293 എന്ന നിലയിലാണ് രേഖപ്പെടുത്തിയത്. ചാന്ദ്‌നി ചൗക്ക് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇത് 350-ന് മുകളിലെത്തി.മലിനീകരണം രൂക്ഷമായിട്ടും ജനുവരി രണ്ടിന് യോഗം ചേർന്ന് രണ്ട് മാസത്തെ സമയം ചോദിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കകം വിദഗ്ധ സമിതി യോഗം ചേർന്ന് വിശദമായ റിപ്പോർട്ട് നൽകണമെന്നാണ് കോടതിയുടെ കർശന നിർദ്ദേശം.
ഡൽഹി വായുമലിനീകരണം: ജോലി ചെയ്യുന്നതിൽ പരാജയപ്പെട്ടു; സിഎക്യുഎമ്മിനെതിരെ സുപ്രീം കോടതി
